രാഹുലിനറിയാവുന്ന രഹസ്യം: ഒരു കഥ (Inspired by a true incident): ബിനു ഉപേന്ദ്രൻ

അയര്‍ലണ്ടിലെ മരവിക്കുന്ന തണുപ്പിലും, വര്‍ഷങ്ങളായുള്ള പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയിലും എന്റെ ഇടത് കൈയ്യിലെ വേദന ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കൂടെയുണ്ടായിരുന്നു. അതൊരു വലിയ രോഗത്തിന്റെ ലക്ഷണമാണെന്ന് കരുതിയില്ല. മെയ് മാസത്തില്‍ നാട്ടിലേക്ക് പോകാനുദ്ദേശിച്ചതുകൊണ്ട്, അവിടെയെത്തി ഡോക്ടര്‍മാരെ കാണാമെന്ന് കരുതി ആ വേദനയെ തള്ളി നീക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മെയ് മാസമെത്തി, ഞാന്‍ നാട്ടിലെത്തി. വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കൈയ്യിലെ വേദനയ്ക്ക് ഒരു പരിഹാരം കാണാനായി മാവേലിക്കരയിലെ പേരെടുത്ത ഒരു ആശുപത്രിയിലേക്ക് യാത്രയായി.

ആശുപത്രിയുടെ ഗേറ്റ് കടന്നപ്പോള്‍ തന്നെ അവിടുത്തെ തിരക്ക് വ്യക്തമായിരുന്നു. റോഡില്‍ നിന്ന് പ്രധാന കവാടത്തിലേക്കുള്ള വഴിയില്‍ ഓട്ടോറിക്ഷകളും ടാക്‌സികളും ആളുകളെ ഇറക്കി പോകുന്നു, കാല്‍നടയായി വരുന്നവരുടെ കൂട്ടം. പ്രധാന കവാടം കടന്ന് അകത്തേക്ക് കയറിയപ്പോള്‍ വിശാലമായ ലോബിയിലും വരാന്തകളിലും ആളുകള്‍ നിറഞ്ഞിരിക്കുന്നു. പലതരം ശബ്ദങ്ങള്‍ ഇടകലര്‍ന്ന ഒരു മൂളല്‍ അവിടെയുണ്ട്… സംസാരങ്ങള്‍, ചുമ, കാത്തിരിപ്പിന്റെ മടുപ്പില്‍ നിന്നുള്ള നെടുവീര്‍പ്പുകള്‍, എവിടെ നിന്നോ കേള്‍ക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചില്‍. ഒപിഡി ടിക്കറ്റെടുക്കാനും കണ്‍സള്‍ട്ടേഷനും വേണ്ടിയുള്ള ക്യൂ കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട നിരകളാണ്. ഇരിക്കാനുള്ള കസേരകളെല്ലാം നിറഞ്ഞിരിക്കുന്നു, സ്ഥലമില്ലാത്തതുകൊണ്ട് പലരും തറയിലും ഭിത്തിക്ക് ചാരിയും നില്‍ക്കുന്നു.

ഞാന്‍ റിസപ്ഷന്‍ കൗണ്ടറിനടുത്തേക്ക് നടന്നു. അവിടെയും നല്ല തിരക്കാണ്. ജീവനക്കാര്‍ തിരക്കിട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നു, അന്വേഷണങ്ങള്‍ക്ക് മറുപടി പറയുന്നു, ഫോണുകള്‍ തുടരെ ബെല്ലടിക്കുന്നു. ആശുപത്രിയുടെ പ്രധാന വാതിലിനടുത്താണ് റിസപ്ഷന്‍ എങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധേയമായ ഒരു സ്ഥാനം അതിന്റെ തൊട്ടടുത്തുള്ള അത്യാഹിത വിഭാഗത്തിനാണ്. എപ്പോഴും ഒരു പിരിമുറുക്കം ആ ഭാഗത്ത് തങ്ങിനില്‍ക്കുന്നത് അനുഭവപ്പെടും. അതുകൊണ്ടാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്ന് ഉയര്‍ന്നുകേട്ട ആ ഉച്ചത്തിലുള്ള കരച്ചില്‍ ഞാന്‍ ശ്രദ്ധിച്ചത്. അതൊരു സാധാരണ കരച്ചിലായിരുന്നില്ല, ഉള്ളുരുകി വരുന്ന ഒരഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്ന ശബ്ദം പോലെ…. അവിടെ നല്ലൊരു ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു. പല പ്രായത്തിലുള്ളവര്‍, സ്ത്രീകളും പുരുഷന്മാരും കുട്ടികളും.

ആദ്യമൊക്കെ എന്താണ് അവിടെ സംഭവിക്കുന്നതെന്നോ ആരാണ് കരയുന്നതെന്നോ അറിയാന്‍ ഒരു താല്പര്യവും തോന്നിയില്ല. മറ്റൊരാളുടെ ദുഃഖം, പ്രത്യേകിച്ച് ഇത്രയധികം ആഴത്തിലുള്ള ഒന്ന്, നേരില്‍ കാണുന്നത് എപ്പോഴും അലോസരപ്പെടുത്തുന്ന കാര്യമാണ്. അതവരുടെ സ്വകാര്യ ദുഃഖമാണ്. മറ്റൊരാള്‍ അങ്ങോട്ട് കടന്നുചെല്ലുന്നത് ശരിയല്ലെന്ന് തോന്നി. എന്റെ കൈയ്യിലെ വേദനയും, അതിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണണമെന്ന ചിന്തയും എന്റെ മനസ്സിലുണ്ടായിരുന്നു. ഞാന്‍ റിസപ്ഷന്‍ കൗണ്ടറില്‍ ഫീസ് അടച്ച് ടോക്കണിനായി കാത്തുനിന്നു.

പക്ഷെ, ആ നിലവിളിയുടെ ശക്തി… അത് എന്റെ കാതുകളില്‍ തുളഞ്ഞുകയറി, മനസ്സില്‍ ഒരു ഭാരം പോലെ അമര്‍ന്നു. ആ അത്യാഹിത വിഭാഗത്തിന് ചുറ്റും കൂടിയ ആളുകളുടെ മുഖത്തേക്ക് ഞാന്‍ നോക്കി. അവരുടെ മുഖങ്ങളില്‍ നിസ്സഹായതയും ഭയവും ഞെട്ടലും ഇടകലര്‍ന്നിരുന്നു. എന്റെയുള്ളിലെ ആകാംഷ, അല്ലെങ്കില്‍ ഒരുതരം മനുഷ്യസഹജമായ ജിജ്ഞാസ, ആ സമയത്ത് എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചിന്തകളെയും എന്റെ കൈയ്യിലെ വേദനയെയും മറികടന്നു. കൈയ്യിലുള്ള ടോക്കണും, ഒപിഡിയിലേക്ക് പോകേണ്ട വഴിയും നിമിഷനേരം കൊണ്ട് മറന്നു. ഞാന്‍ പതിയെ ആള്‍ക്കൂട്ടത്തിനടുത്തേക്ക് നടന്നു. ആ ശബ്ദം കേള്‍ക്കുന്നിടത്തേക്ക്… ആ സങ്കടം തളംകെട്ടി നില്‍ക്കുന്ന ഇടത്തേക്ക്…

ആളുകളുടെ ഇടയിലേക്ക് കടന്നുചെന്നപ്പോള്‍ ആ നിലവിളിക്ക് ശക്തി കൂടി. അത് കാതില്‍ നിന്ന് ഹൃദയത്തിലേക്ക് നേരിട്ട് പതിക്കുന്ന പോലെ. അവിടെ ഞാന്‍ കണ്ടത്, ഏകദേശം നാല്‍പ്പതുകളുടെ അവസാനത്തില്‍ പ്രായം തോന്നിക്കുന്ന ഒരമ്മയെയാണ്. അവര്‍ കരഞ്ഞു കരഞ്ഞ് തളര്‍ന്ന്, നിലത്ത് വീഴാതിരിക്കാന്‍ ചുറ്റുമുള്ള രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് താങ്ങി നിര്‍ത്തിയിരിക്കുകയാണ്. അവരുടെ മുഖം കരഞ്ഞ് കരഞ്ഞ് വല്ലാതെ വീങ്ങിയിരുന്നു, കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു, മുടിയെല്ലാം അലങ്കോലപ്പെട്ടിരിക്കുന്നു. ശ്വാസമെടുക്കാന്‍ പോലും അവര്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. ഓരോ ശ്വാസവും ഒരു ഏങ്ങലായി പുറത്തുവന്നു.

അവര്‍ കരയുകയായിരുന്നില്ല, ആത്മാവില്‍ നിന്നുള്ള ഒരലര്‍ച്ചയായിരുന്നു അത്. ‘എന്റെ മോനേ… എന്റെ പൊന്നുമോനേ…’ എന്നവര്‍ ഉറക്കെ വിളിച്ചു. അവരുടെ ശബ്ദം വേദന കൊണ്ട് ഇടറി. ‘കണ്ണുതുറക്ക് മോനേ… നമുക്ക് വീട്ടില്‍ പോകാം…’ ആ വാക്കുകള്‍ കേട്ടപ്പോള്‍ നെഞ്ച് പിടഞ്ഞുപോയി. അവര്‍ തുടര്‍ന്നു, അവരുടെ വാക്കുകള്‍ ഇടയ്ക്കിടെ മുറിഞ്ഞുപോയി: ‘ഇന്ന് രാവിലെ… അഞ്ചരയ്ക്ക്… നീ പത്രം ഇടാനും… പാല് കൊടുക്കാനും പോകുമ്പോള്‍… എന്റെയടുത്ത് പറഞ്ഞതല്ലേ… വൈകുന്നേരം… നമുക്ക് ഒരുമിച്ച് സിനിമയ്ക്ക് പോകാമെന്ന്…? ഇപ്പോള്‍… ഇപ്പോള്‍ എന്താ മോനേ ഈ കാണിക്കുന്നത്…? എന്തിനാ എന്നെ ഇങ്ങനെ ഒറ്റയ്ക്കാക്കുന്നത്…? എനിക്ക്… എനിക്ക് നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ മോനേ…’ ആ അമ്മയുടെ ഓരോ വാക്കും അവിടെ കൂടിയവരുടെ കണ്ണുകളെ ഈറനണിയിച്ചു. ആ ഭീകരമായ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആ അമ്മയുടെ നിലവിളി അവിടമാകെ മുഴങ്ങി.

ഞാന്‍ അടുത്തുനിന്ന ഒരു ആശുപത്രി ജീവനക്കാരിയുടെ അടുത്ത് എന്താണ് സംഭവിച്ചതെന്ന് പതിഞ്ഞ സ്വരത്തില്‍ തിരക്കി. അതുവരെ പിടിച്ചുനിര്‍ത്തിയ ദുഃഖം അവരുടെ മുഖത്ത് നിഴലിക്കുന്നത് ഞാന്‍ കണ്ടു. കണ്‍കോണിലെ നനവ് തുടയ്ക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. ഇടറുന്ന ശബ്ദത്തില്‍, വാക്കുകള്‍ പാതിയില്‍ മുറിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു, ‘അത്… രാഹുലാണ് മോനേ… ഇവിടെ പത്രം ഇടുന്ന ഒരു പയ്യനില്ലേ… അവന്‍… പതിവുപോലെ രാവിലെ ജോലിക്ക് പോയതാ… കനാലിന്റെ വക്കില്‍വെച്ച് സൈക്കിളൊന്ന് നിയന്ത്രണം വിട്ടു… സൈക്കിളോടെ അവന്‍ ആഴത്തിലേക്ക് വീണു… തലയ്ക്ക് നല്ലോണം… നല്ലോണം മുറിവ് പറ്റി… ഇവിടെ എത്തും മുന്നേ… എല്ലാം… എല്ലാം കഴിഞ്ഞു…’ അതിരാവിലെ എല്ലാവര്‍ക്കും ഒരു ദിവസം തുടങ്ങാനുള്ള ഊര്‍ജ്ജം നല്‍കി പത്രമെത്തിച്ച ആ പയ്യന്റെ ദാരുണമായ അന്ത്യം…

ആ കാഴ്ചകളിലേക്കും തേങ്ങലുകളിലേക്കും നോക്കിനില്‍ക്കെ, പെട്ടെന്നാണ് ആ പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്. ഏകദേശം പതിനെട്ടോ പത്തൊമ്പതോ വയസ്സു കാണും. ആള്‍ക്കൂട്ടത്തിനിടയിലൂടെയല്ല, മറിച്ച് ഒരു നിഴല്‍ കണക്കെ ഓരത്തുനിന്നും അവള്‍ മുന്നോട്ട് വരികയായിരുന്നു. പലതവണ ഉപയോഗിച്ച് നിറം മങ്ങിയ ഒരു കറുത്ത ചുരിദാറായിരുന്നു അവളുടെ വേഷം. അതിനു മീതെ ഒരു വെളുത്ത ഷാള്‍ തോളിലൂടെ അലക്ഷ്യമായി ഇട്ടിരുന്നു. ഉറക്കച്ചടവോടെ ധൃതിയില്‍ വാരിവലിച്ചുടുത്തതുപോലെ. അലക്ഷ്യമായി വാരിക്കെട്ടിയ അവളുടെ നീണ്ട മുടിയിഴകളില്‍ ചിലത് അഴിഞ്ഞു, വിളറിയ കവിളുകളിലേക്കും നെറ്റിയിലേക്കും വീണുകിടന്നു. അവള്‍ കരയുന്നുണ്ടായിരുന്നില്ല. അവിടെ കൂടിയ ആള്‍ക്കൂട്ടത്തില്‍ ആരും അവളെ ശ്രദ്ധിച്ചതായി ഞാന്‍ കണ്ടില്ല. അവള്‍ ആരോടും ഒന്നും സംസാരിച്ചില്ല. പക്ഷെ, അവളുടെ മുഖം… അവളുടെ കണ്ണുകള്‍… പുറമേക്ക് ഒരു ഭാവവ്യത്യാസവും കാണിച്ചില്ലെങ്കിലും, കണ്ണുകളില്‍ ഒരായിരം നൊമ്പരങ്ങള്‍ തിരയടിക്കുന്നത് ഞാന്‍ കണ്ടു. മറ്റുള്ളവരുടെ ബഹളങ്ങളോ കരച്ചിലോ അവളെ ബാധിച്ചില്ല. അവള്‍ നേരെ രാഹുലിന്റെ മൃതദേഹത്തിനടുത്തേക്ക് ചെന്നു. എല്ലാവരും ദുഃഖവും നിസ്സഹായതയും പ്രകടിപ്പിച്ചു നില്‍ക്കുമ്പോള്‍, അവള്‍ മാത്രം ഒരനക്കവും ഇല്ലാതെ, ഒരൊറ്റ തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെ, ഒരു ശില പോലെ നിന്നു. അവളുടെ ഭാവമില്ലായ്മ ചുറ്റുമുള്ളവരുടെ നിലവിളിയേക്കാള്‍ ഉച്ചത്തില്‍ എന്റെ മനസ്സില്‍ മുഴങ്ങി.

അധികം വൈകാതെ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവിടേക്ക് വന്നു. ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി, മൃതദേഹത്തിന് ചുറ്റും കൂടിനിന്നവരോട് അല്പം പിന്നോട്ട് മാറിനില്‍ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ചുറ്റുമുള്ളവര്‍ പതിയെ അകന്നുമാറാന്‍ തുടങ്ങിയപ്പോഴും, ആ പെണ്‍കുട്ടി ഒരു നിമിഷം അനങ്ങാതെ രാഹുലിനെത്തന്നെ നോക്കിനിന്നു, അവളുടെ ലോകം അവിടെ അവസാനിച്ചതുപോലെ… മറ്റാരുടെയും ശ്രദ്ധ തന്നിലല്ലെന്ന് ഉറപ്പുവരുത്തിയെന്നോണം, അവള്‍ രാഹുലിന്റെ ചേതനയറ്റ മുഖത്തേക്ക് കുനിഞ്ഞു. നേര്‍ത്ത വിറയലോടെ, അവളുടെ വിരലുകള്‍ അവന്റെ കണ്‍പോളകളെ മൃദുവായി തലോടി. ഒരു വാക്കുപോലും ഉരിയാടാതെ, അവള്‍ തിരിഞ്ഞു നടന്നു, ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തേക്ക്…

പാതിവഴിയില്‍, ഒരു നിമിഷം അവള്‍ തിരിഞ്ഞുനിന്നു. രാഹുലിന്റെ മൃതദേഹത്തെ അവസാനമായി ഒരു നോട്ടം. ആ നോട്ടത്തില്‍ എല്ലാം അടങ്ങിയിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന വേദന, പറയാതെ പോയ വാക്കുകള്‍, പങ്കിട്ട നിമിഷങ്ങള്‍… എല്ലാം ആ ഒരൊറ്റ നോട്ടത്തില്‍…

അവള്‍ ഓട്ടോറിക്ഷയില്‍ കയറി തന്റെ കയ്യിലിരുന്ന വെള്ള ഷാള്‍ വാരിയെടുത്ത് വായിലേക്ക് തിരുകി. എന്നിട്ട്… എന്നിട്ട് അവള്‍ അലറി കരഞ്ഞു. പക്ഷെ ആ കരച്ചിലിന് ശബ്ദമുണ്ടായിരുന്നില്ല. ഷാളില്‍ മുഖം പൂഴ്ത്തി അവള്‍ ശരീരം മുഴുവന്‍ വിറച്ച്, ശബ്ദമില്ലാതെ നിലവിളിച്ചു. ഹൃദയം നുറുങ്ങുന്ന ആ നിശ്ശബ്ദ നിലവിളി കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. ഞാന്‍ മാത്രമാണ് അത് കണ്ടതെന്ന് തോന്നി. ആശുപത്രിയുടെ ബഹളത്തില്‍, ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ, അവള്‍ തന്റെ സങ്കടം മുഴുവന്‍ ആ നിമിഷം പുറത്തേക്ക് കളഞ്ഞു.

ആരായിരുന്നു ആ പെണ്‍കുട്ടി? രാഹുലും അവളും തമ്മില്‍ എന്തായിരുന്നു ബന്ധം? എന്തിനായിരുന്നു മറ്റുള്ളവരുടെ മുന്നില്‍ നിന്ന് അവള്‍ ആ സങ്കടം മറച്ചുപിടിച്ചത്? എന്തിനാണ് ഒരു നടുക്കല്ല് പോലെ അവള്‍ രാഹുലിന്റെ മൃതദേഹത്തിനടുത്ത് നിസ്സംഗയായി നിന്നത്, എന്നിട്ട് ആളൊഴിഞ്ഞപ്പോള്‍, ശബ്ദമില്ലാതെ അലറി കരഞ്ഞത്?

ചില ബന്ധങ്ങള്‍ അങ്ങനെയാണ്… ചുറ്റുമുള്ളവര്‍ അറിയുന്നതിനപ്പുറം, പുറമെ കാണുന്നതിനപ്പുറം, ആഴമുള്ളവ. ലോകം ഒരുപക്ഷേ അവരുടെ ബന്ധത്തെ ഒരു സാധാരണ സൗഹൃദമായോ, യാദൃശ്ചികമായ പരിചയമായോ ഒക്കെയാവാം കണ്ടിരുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ മറ്റാര്‍ക്കും മനസ്സിലാകാത്ത ഒരു ലോകം ഉണ്ടായിരുന്നു. സ്‌നേഹത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും, ഒരുപക്ഷേ രഹസ്യങ്ങളുടെയും ഒരു ലോകം. ആ ലോകം അവര്‍ക്ക് മാത്രം സ്വന്തമായിരുന്നു…

ചിലപ്പോള്‍ സാഹചര്യങ്ങള്‍ നമ്മെ നിസ്സഹായരാക്കി കളയും. ഉള്ളിലെ വേദനയോ, സ്‌നേഹമോ, നഷ്ടബോധമോ ഒന്നുറക്കെ പ്രകടിപ്പിക്കാന്‍ പോലും കഴിയാതെ നമ്മള്‍ ബന്ധിക്കപ്പെട്ടു പോകും. ആ പെണ്‍കുട്ടിയും ഒരുപക്ഷേ അങ്ങനെയാവണം. രാഹുലിന്റെ മരണം അവള്‍ക്ക് എത്രമാത്രം വലുതായിരുന്നുവെന്ന് ലോകം അറിയേണ്ട എന്ന് അവള്‍ ആഗ്രഹിച്ചിരിക്കാം, അല്ലെങ്കില്‍ അറിയാന്‍ പാടില്ലാത്ത ഒരു ബന്ധമായിരുന്നിരിക്കാം അത്.

നമ്മള്‍ കാണുന്നതും അറിയുന്നതുമല്ല പലപ്പോഴും മനുഷ്യരുടെ യഥാര്‍ത്ഥ ചിത്രം. ഏറ്റവും ആഴത്തിലുള്ള മുറിവുകളും സങ്കടങ്ങളും പലപ്പോഴും ആരും കാണാതെ, പറയാതെ ഉള്ളില്‍ ചുമക്കുന്നവയാണ്. ഓരോ അപരിചിത മുഖത്തിനു പിന്നിലും, തുറന്നുപറയാത്ത കഥകളുടെ, അനുഭവങ്ങളുടെ ഒരു പ്രപഞ്ചം തന്നെയുണ്ട്. ആ പെണ്‍കുട്ടിയുടെ മുഖവും, നിശ്ശബ്ദമായ നിലവിളിയും, മനുഷ്യബന്ധങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് എന്നെന്നേക്കുമായി തുറന്നുവെച്ച ഒരു വാതിലായി എന്റെ മനസ്സില്‍ അവശേഷിക്കുന്നു…

Share this news

Leave a Reply