അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് സമയം 10 ആഴ്ചയാക്കി കുറയ്ക്കാൻ RSA; ടെസ്റ്റ് സെന്ററുകൾ കൂട്ടും, സെന്ററുകളുടെ പ്രവർത്തന സമയവും നീട്ടും

അയര്‍ലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് കാത്തിരിപ്പ് കാലയളവ് സെപ്റ്റംബര്‍ മാസത്തോടെ 10 ആഴ്ചയാക്കി കുറയ്ക്കുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് Road Safety Authority (RSA). നിലവില്‍ പല സെന്ററുകളിലും 27 ആഴ്ചയോളമാണ് ടെസ്റ്റിനായി ആളുകള്‍ കാത്തിരിക്കുന്നത്. മാത്രമല്ല അപേക്ഷകരുടെ എണ്ണം 100,000-ഓളം ആയിട്ടുമുണ്ട്.

ടെസ്റ്റിനായുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമായി കൂടിയത് കൈകാര്യം ചെയ്യാനായി കൂടുതല്‍ ടെസ്റ്റ് സെന്ററുകള്‍ തുറക്കുമെന്നും, സെന്ററുകളുടെ പ്രവൃത്തിസമയം കൂട്ടുമെന്നും RSA പറഞ്ഞു. രാവിലെ 7.25 മുതല്‍വൈകിട്ട് 7 മണി വരെയാക്കിയാണ് ടെസ്റ്റ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഏറ്റവുമധികം പേര്‍ ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ ആനുപാതികമായി സ്ലോട്ടുകള്‍ നല്‍കുന്ന ‘targeted booking’ രീതി നടപ്പിലാക്കുമെന്നും RSA പറഞ്ഞു. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയത്തിന്റെ പുരോഗതി ഓരോ രണ്ടാഴ്ച കൂടുമ്പോഴും RSA വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ദീര്‍ഘകാലമായി ടെസ്റ്റിന് കാത്തിരിക്കുന്നവരോട് ക്ഷമചോദിക്കുന്നതായും RSA മേധാവി Sam Waide പറഞ്ഞു. ജോലിക്കും, കോളജില്‍ പോകാനുമെല്ലാം ലൈസന്‍സ് ലഭിക്കാതിരിക്കുന്നവരുടെ വിഷമം മനസിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഥവാ പറഞ്ഞ തീയതിയില്‍ ടെസ്റ്റിന് പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ നേരത്തെ തന്നെ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്നും, ആ സ്ലോട്ട് വേറെ ആളുകള്‍ക്ക് നല്‍കുക വഴി കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ സാധിക്കുമെന്നും Waide പറഞ്ഞു. ഇതിന് പുറമെ വാഹനം ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഫിറ്റാണെന്ന് ഉറപ്പാക്കണമെന്നും, ഈ വര്‍ഷം ഇതുവരെ 4,000 ടെസ്റ്റുകളാണ് വാഹനങ്ങള്‍ക്ക് NCT, ടാക്‌സ്, ഇന്‍ഷുറന്‍സ്, റോഡ് ഫിറ്റ്‌നസ് എന്നിവ ഇല്ലാത്തത് കാരണം ക്യാന്‍സല്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നടത്തപ്പെടുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിരിക്കുന്നത്. 2021-ല്‍ 157,183 ടെസ്റ്റുകള്‍ നടത്തിയിരുന്നെങ്കില്‍ 2024-ല്‍ അത് 253,850 ആയി ഉയര്‍ന്നു.

Share this news

Leave a Reply