അയർലണ്ടിൽ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് നേരെ നടക്കുന്ന കൗമാര അക്രമങ്ങൾ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മലയാളിയുടെ നേതൃത്വത്തിൽ ഓൺലൈൻ നിവേദനം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാനും, കുറ്റക്കാരനെ ശിക്ഷിച്ച്, സമൂഹത്തെ സുരക്ഷിത ഇടമാക്കി മാറ്റാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഒപ്പുവച്ച പെറ്റീഷന്‍. മലയാളിയായ ജിബി സെബി പാലാട്ടിയുടെ നേതൃത്വത്തില്‍ change.org വഴി നടത്തിവരുന്ന ഓണ്‍ലൈന്‍ ഒപ്പുസമാഹരണത്തില്‍ ഇതുവരെ 1200-ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഈയിടെയായി നടന്നുവരുന്ന നിരവധി അക്രമസംഭവങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരാണ് അക്രമങ്ങള്‍ നടത്തിവരുന്നത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരെ അധിക്ഷേപിക്കുകയും, ഗ്രൗണ്ടില്‍ മൂത്രമൊഴിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതാണ് ഇത്തരം സംഭവങ്ങളിലൊന്ന്. മറ്റൊരിടത്ത് നടന്നുപോകുകയായിരുന്ന വ്യക്തിയെ പിന്നില്‍ നിന്നും ചവിട്ടുകയും, ദമ്പതികളെ കല്ലും, വടികളുമായി ആക്രമിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് പോകുകയായിരുന്ന കുട്ടിയെ വരെ ആക്രമിക്കുകയും, ദേഹത്ത് തുപ്പുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇത്തരത്തിലുള്ള നിരവധിയായ അക്രമസംഭവങ്ങള്‍ രാജ്യത്തുടനീളം ഉണ്ടാകുന്നുണ്ട്. ഭൂരിഭാഗം സംഭവങ്ങളിലും കൗമാരക്കാരാണ് പ്രതികള്‍. ന്യൂനപക്ഷത്തിന് എതിരായി ഇത്തരം അക്രമങ്ങള്‍ കാരണം അവര്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഗാര്‍ഡ, പ്രദേശത്തെ ടിഡിമാര്‍ എന്നിവരോടെല്ലാം പരാതി പറഞ്ഞെങ്കിലും ആവശ്യത്തിന് സേനാബലമോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് പ്രശ്‌നം തുടരാന്‍ ഇടയാക്കുകയാണ്. ഈ സാഹര്യത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും, സുരക്ഷിതമായി രാജ്യം എന്ന നിലയില്‍ അയര്‍ലണ്ടിന് ഉണ്ടായിരുന്ന ഖ്യാതി വീണ്ടെടുക്കണമെന്നും നിവേദനം നല്‍കുന്നവര്‍ ആവശ്യപ്പെടുന്നത്. നിവേദനത്തില്‍ ഒപ്പുവയ്ക്കാനും, നമ്മുടെ പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കാനും എല്ലാവരും ഒപ്പം ചേരണമെന്ന് അണിയറക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പുവയ്ക്കാന്‍: https://chng.it/HzKQ8jSTNv

 

Share this news

Leave a Reply