യുഎസിലെ ട്രംപ് ഭരണകൂടത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച് ടെസ്ല, സ്പേസ് എക്സ് എന്നിവയുടെ ഉടമയും, കോടീശ്വരനുമായ ഇലോണ്‍ മസ്ക്. സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മസ്കിനെ നിയമിച്ചിരുന്നത്.
സര്‍ക്കാരിലെ തന്റെ കാലം അവസാനിക്കുകയാണെന്ന് എക്സില്‍ കുറിച്ച മസ്ക്, തനിക്ക് തന്ന അവസരത്തിന് പ്രസിഡന്റായ ട്രംപിന് നന്ദിയറിയിക്കുകയും ചെയ്തു. ഇപ്പോഴത്തെ ട്രംപ് ഭരണകൂടം തുടങ്ങിവച്ച Department of Government Efficiency (DOGE) ശക്തമായി ഇനിയുള്ള കാലവും തുടരുമെന്നും മസ്ക് കുറിച്ചു. മസ്കിനെയായിരുന്നു DOGE-ന്റെ മേധാവിയായി ട്രംപ് നിയമിച്ചത്.
അതേസമയം ട്രംപ് ‘big beautiful bill’ എന്ന് വിളിക്കുന്ന പുതിയ ബില്ലിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മസ്ക് താന്‍ സര്‍ക്കാരില്‍ നിന്നും പുറത്ത് പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ടാക്സ് ഇളവുകള്‍, കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കല്‍ മുതലായവ അടങ്ങിയിരിക്കുന്ന ബില്ലില്‍ താന്‍ നിരാശനാണെന്ന് മസ്ക് പ്രതികരിച്ചിരുന്നു. ബില്‍ സര്‍ക്കാര്‍ ചെലവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നതാണെന്നും, DOGE-ന്റെ പ്രവര്‍ത്തനം ദുര്ബ്ബലപ്പെടുത്തുന്നതാണെന്നും മസ്ക് വിമര്‍ശിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കഴിഞ്ഞ വര്‍ഷം പിന്തുണച്ചതിന് പിന്നാലെ മസ്കും, ട്രംപും അടുക്കുകയായിരുന്നു. അതേസമയം DOGE മേധാവി എന്ന നിലയില്‍ മസ്കിന്റെ പല ഇടപെടലുകളും, കൂട്ട പിരിച്ചുവിടലുകളും നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും, പൊതുജനത്തിന്റെയും അമര്‍ഷത്തിന് കാരണമായിരുന്നു. പിന്നാലെ അത് ടെസ്ല കാറുകളുടെ വില്‍പ്പനയെയും മോശമായി ബാധിച്ചു.