ഏപ്രില്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീടിനായി ഏറ്റവും കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ ലഭിച്ചത് പതിവ് പോലെ ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക്. ഒപ്പം മോര്‍ട്ട്‌ഗേജ് അപ്രൂവലുകളും വര്‍ദ്ധിച്ചിട്ടുണ്ട്.
The Banking & Payments Federation Ireland’s (BPFI) കണക്കനുസരിച്ച് 2025 ഏപ്രിലില്‍ ആകെ 1.5 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജുകളാണ് അയര്‍ലണ്ടില്‍ അനുവദിച്ചത്. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 14% അധികമാണ് ഈ തുക. മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 4 ശതമാനവും വര്‍ദ്ധനയുണ്ട്.
പതിവ് പോലെ ആകെ മോര്‍ട്ട്‌ഗേജ് മൂല്യത്തില്‍ 965 മില്യണ്‍ യൂറോയും നല്‍കപ്പെട്ടത് ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കാണ്. 12% ആണ് ഇക്കാര്യത്തിലെ വര്‍ദ്ധന. മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയര്‍മാരുടെ എണ്ണം 3 ശതമാനവും വര്‍ദ്ധിച്ചു. 151 മില്യണ്‍ റീ-മോര്‍ട്ട്‌ഗേജിങ് ആണ്.
അതേസമയം രണ്ടാമതോ, അതിലധികം തവണയോ മോര്‍ട്ട്‌ഗേജ് അപ്രൂവ് ആകുന്നവരുടെ മോര്‍ട്ട്‌ഗേജ് മൂല്യത്തില്‍ 1% വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍, മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ എണ്ണത്തില്‍ 6% കുറവ് ഉണ്ടായി.
ഏപ്രില്‍ മാസത്തില്‍ ശരാശരി മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ തുക ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക് 8% വര്‍ദ്ധിച്ച് 330,123 യൂറോ ആയിട്ടുണ്ട്. രണ്ടാമത് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തവണ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ അപ്രൂവല്‍ തുക 7% വര്‍ദ്ധിച്ച് ശരാശരി 374,823 യൂറോയും ആയി.