കാർലോ ഷോപ്പിംഗ് സെന്ററിൽ വെടിയുതിർത്ത് മരിച്ചത് വിക്ക്ലോ സ്വദേശിയായ 22-കാരൻ

കാര്‍ലോ ടൗണിലെ ഷോപ്പിങ് സെന്ററില്‍ വെടിയുതിര്‍ത്ത ശേഷം പിന്നീട് സ്വയം വെടിവച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. കൗണ്ടി വിക്ക്ലോയിലെ Kiltegan സ്വദേശിയായ Evan Fitzgerald (22) ആണ് ഞായറാഴ്ച വൈകിട്ട് 6.15-ഓടെ Fairgreen Shopping Centre-ലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുമായി എത്തി രണ്ട് വട്ടം മേല്‍ക്കൂരയിലേയ്ക്ക് വെടി വയ്ക്കുകയും, ശേഷം പുറത്തേക്ക് ഓടിയിറങ്ങി സ്വയം വെടിയുതിര്‍ക്കുകയും ചെയ്തത്. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സായുധ ഗാർഡ സംഘം വളഞ്ഞതോടെ ഇയാൾ സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌.

 

ഡാർക്ക്‌ വെബ്ബിൽ നിന്നും ഒരു അസോൾട്ട് റൈഫിൾ വാങ്ങിയ കേസിൽ Fitzgerald-നെ കഴിഞ്ഞ വർഷം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കേസിൽ വിചാരണ തീയതി തീരുമാനിക്കാൻ ഇരിക്കുകയായിരുന്നു. അതേസമയം Fitzgerald- ന് തോക്കുകളോട് ഭ്രമം ഉണ്ടെങ്കിലും അത് ആക്രമണം ഉദ്ദേശിച്ചുള്ളതല്ല പകരം ഒരു ഹോബി എന്ന നിലയ്ക്ക് ആയിരുന്നു എന്ന് കോടതിയിൽ പറഞ്ഞിരുന്നു.

 

അതേസമയം ഞായറാഴ്ച നടന്ന സംഭവത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് വെടിയേറ്റത് കാരണമല്ല എന്നാണ് വിവരം. വെടിവെപ്പ് നടന്നപ്പോള്‍ ആളുകള്‍ ചിതറിയോടുകയും ചെയ്തിരുന്നു. പിന്നാലെ ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തി. വെടിവച്ചയാള്‍ സ്‌ഫോടകവസ്തുവും കൊണ്ടുവന്നിരിക്കാം എന്ന സംശയത്തെത്തുടര്‍ന്ന് സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും എത്തിയിരുന്നു. എന്നാൽ സ്ഫോടക വസ്തു ഇല്ലെന്ന് പിന്നീട് പരിശോധനയയിൽ വ്യക്തമായി.

 

സംഭവത്തെ തുടർന്ന് ഷോപ്പിംഗ് സെന്റർ അടച്ചെങ്കിലും കാർ പാർക്കിൽ വാഹനങ്ങൾ നിർത്തിയിട്ട ആളുകൾക്ക് മാത്രം വാഹനം എടുക്കാൻ ഗാർഡ അനുമതി നൽകിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: