വ്യാജ ഓഫർ ലെറ്ററുകൾ, ഭീമമായ ഫീസ്, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലി സാഹചര്യം; അയർലണ്ടിലെ നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കെതിരെ നടപടിയുമായി Migrant Nurses Ireland (MNI)

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തിവരുന്ന തട്ടിപ്പുകള്‍ക്കും, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലിസാഹചര്യത്തിനുമെതിരെ നടപടികളുമായി Migrant Nurses Ireland (MNI). ഇത്തരം നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും, ഇത് വിദേശത്ത് നിന്നും എത്തുന്ന നഴ്‌സുമാരെ വളരെ മോശമായാണ് ബാധിക്കുന്നതെന്നും MNI വ്യക്തമാക്കി.

ഐറിഷ് നിയമങ്ങള്‍ക്ക് വിരുദ്ധമായി വലിയ ഫീസ് പല റിക്രൂട്ട്‌മെന്റ് കമ്പനികളും ഈടാക്കുന്നതായി MNI പറയുന്നു. അയര്‍ലണ്ടിലെ നിയമസംവിധാനങ്ങളെ പറ്റി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അജ്ഞതയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുന്നത്. മിക്കപ്പോഴും അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പായി നഴ്‌സുമാരുടെ സ്വന്തം രാജ്യങ്ങളിലാണ് ഈ ഫീസ് നല്‍കേണ്ടിവരുന്നത്.

അനധികൃതമായി GNIB (Garda National Immigration Bureau) കാര്‍ഡുകള്‍ നല്‍കുന്നതാണ് മറ്റൊരു തട്ടിപ്പ്. നഴ്‌സുമാരില്‍ നിന്നും അധികം തുക ഈടാക്കിയാണ് GNIB കാര്‍ഡുകള്‍ ഏജന്‍സികള്‍ തരപ്പെടുത്തി നല്‍കുന്നത്. എന്നാല്‍ നിയമപ്രകാരം ഇമിഗ്രേഷന്‍ ചാനലുകളിലൂടെ മാത്രമേ ഈ കാര്‍ഡുകള്‍ ലഭിക്കുകയുള്ളൂ.

യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് അയര്‍ലണ്ടിലെത്തിച്ച ശേഷം അവരെ കെയര്‍ അസിസ്റ്റന്റുമാരും, സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരുമായി ജോലി ചെയ്യാന്‍ ചില ഏജന്‍സികള്‍ നിര്‍ന്ധിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. മിക്കപ്പോഴും ചെറിയ ശമ്പളത്തിനാണ് ഈ ജോലികള്‍ നഴ്‌സുമാര്‍ ചെയ്യേണ്ടിവരുന്നത്. ഇമിഗ്രേഷന്‍, തൊഴില്‍ നിയമങ്ങളുടെ ലംഘനം കൂടിയാണ് ഇതെന്നതിനാല്‍ നഴ്‌സുമാരുടെ കരിയറിനെ പോലും ഇത് ബാധിച്ചേക്കാം.

സ്വകാര്യ നഴ്‌സിങ് ഹോമുകളില്‍ മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. വലിയ ഫീസ് നല്‍കിയാണ് ജോലിക്ക് ചേരുന്നത് എന്നതിനാല്‍, മോശം സാഹചര്യമാണെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വേറെ ജോലി നോക്കാന്‍ നഴ്‌സുമാര്‍ക്ക് സാധിക്കാതെ വരുന്നു. ആദ്യ തൊഴില്‍ദാതാവിന് കീഴില്‍ കുറഞ്ഞത് ഒമ്പത് മാസം ജോലി ചെയ്യണമെന്ന അയര്‍ലണ്ടിലെ നിയമവും മറ്റൊരു ജോലി കണ്ടെത്തുന്നതില്‍ തടസം സൃഷ്ടിക്കുകയാണ്.

വിദേശത്ത് നിന്നും നഴ്‌സുമാരെ ഏജന്‍സി സ്റ്റാഫുകളായി റിക്രൂട്ട് ചെയ്യുന്ന പ്രവണതയും ആശങ്കപ്പെടുത്തുന്നതാണ്. അയര്‍ലണ്ടിലെ ആരോഗ്യസംവിധാനത്തെ പറ്റി മതിയായ ധാരണയില്ലാതെ വിവിധ കേന്ദ്രങ്ങളില്‍ ഏജന്‍സി നഴ്‌സായി ജോലി ചെയ്യുന്നത് രോഗികളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.

ഇതിനെല്ലാം പുറമെയാണ് ചില ഏജന്‍സികള്‍ വ്യാജ ഓഫര്‍ ലെറ്ററുകള്‍ നല്‍കി നഴ്‌സുമാരില്‍ നിന്നും ഫീസ് ഈടാക്കി അവരെ അയര്‍ലണ്ടിലെത്തിക്കുന്നത്. ഇവിടെയെത്തിയ ശേഷം മാത്രം ജോലി ഇല്ല എന്ന് തിരിച്ചറിയുന്ന നഴ്‌സുമാര്‍ നിരാലംബരാകുന്നു.

ഇത്തരത്തില്‍ വിദേശത്ത് നിന്നെത്തുന്ന നഴ്‌സുമാര്‍ അയര്‍ലണ്ടില്‍ അനുഭവിക്കുന്ന ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ തങ്ങള്‍ കൂടെയുണ്ടെന്നും, ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചുവരികയാണെന്നും MNI അറിയിച്ചു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നം അനുഭവിക്കുന്ന നഴ്‌സുമാര്‍ ഒരു മടിയും കൂടാതെ തങ്ങളെ ബന്ധപ്പെടണമെന്നും, എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതാണെന്നും MNI വ്യക്തമാക്കി. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

MNI-യെ ബന്ധപ്പെടാനുള്ള ഇമെയിൽ: info@migrantnurses.ie

Share this news

Leave a Reply

%d bloggers like this: