അയര്‍ലണ്ടില്‍ വാടക പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് ഹൗസിങ് മിനിസ്റ്റര്‍ James Browne. രാജ്യത്തെ വാടക വീട്ടുടമകളെ ‘large’, ‘small’ എന്നിങ്ങനെ തരംതിരിക്കുന്നത് അടക്കമുള്ള പരിഷ്കാരങ്ങളാണ് മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
നാലോ അതിലധികമോ വീടുകള്‍ വാടകയ്ക്ക് നല്കുന്നവര് ‘large landlords’ എന്ന ഗണത്തിലാണ് വരിക. വാടകക്കാരെ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഒഴിപ്പിക്കുന്നതിന് (no fault eviction) ഇവര്‍ക്ക് 2026 മാര്‍ച്ച് 1 മുതല്‍ വിലക്ക് നിലവില്‍വരും.
രാജ്യത്തെ 45% വാടകവീട് ഉടമകള്‍ small landlord ഗണത്തിലാണ് വരിക. പ്രത്യേക സാഹചര്യങ്ങളില്‍ ഇവര്‍ക്ക് കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കാം. സാമ്പത്തികമായ പ്രശ്നങ്ങളോ, കുടുംബത്തിലെ ആര്‍ക്കെങ്കിലും ഈ വീട് നല്‍കുന്നതിനോ ഒക്കെയാകാം ഒഴിപ്പിക്കല്‍. പക്ഷേ അങ്ങനെ വാടകക്കാരെ ഒഴിപ്പിച്ചാല്‍ വാടക തുക പുതുക്കി നിശ്ചയിക്കാന്‍ പാടില്ല.
വാടക കരാര്‍ ലംഘിച്ചാലോ, കെട്ടിടം വാടകയ്ക്ക് നല്കാന് അനുയോജ്യമല്ലാതായി മാറിയാലോ എല്ലാ വീട്ടുടമകള്‍ക്കും വാടകക്കാരോട് ഒഴിയാന്‍ ആവശ്യപ്പെടാം.
വാടക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വ്യക്തത കൊണ്ടുവന്നിട്ടുണ്ട്. വാടകയ്ക്ക് താമസമാരംഭിച്ച് ഓരോ ആറ് വര്‍ഷം കൂടുമ്പോഴും വിപണിയിലെ നിരക്കിനെക്കാള്‍ കുറവാണ് വാടക എങ്കില്‍ അത് പുതുക്കി നിശ്ചയിക്കാവുന്നതാണ്. ഇതിനിടെ no fault eviction ഉണ്ടാകരുത്. അകാരണമായുള്ള ഒഴിപ്പിക്കലുകള്‍ കുറയ്ക്കുക ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
ഭവനവകുപ്പിന്റെ കണക്ക് പ്രകാരം അയര്‍ലണ്ടിലെ 25.09 വീട്ടുടമകള്‍ ഒരു വീട് മാത്രം വാടകയ്ക്ക് നല്‍കുന്നവരാണ്. 12.19% വീട്ടുടമകള്‍ രണ്ട് വീടുകള്‍ വാടകയ്ക്ക് നല്കുമ്പോള്, മൂന്ന് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് 7.78% വീട്ടുടമകളാണ്. 2025 ആദ്യ പാദത്തിലെ കണക്കുകളാണിത്. ഇത് പ്രകാരം 45 ശതമാനത്തിന് മേല്‍ വീട്ടുടമകളാണ് ‘small landlords’ ആയി വരിക.
അതേസമയം 101-ല്‍ അധികം വീടുകള്‍ വാടകയ്ക്ക് നല്കുന്ന 121 ഭൂഉടമകള്‍ രാജ്യത്തുണ്ട്. ആകെ വീടുകളുടെ 13.56% (32,626) ഇവരുടെ കൈവശമാണ്.