അയർലണ്ടിൽ 2040-ഓടെ അധികമായി 1211 ജിപി ഡോക്ടർമാരും, 858 ജിപി നഴ്‌സുമാരും വേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി 2040-ഓടെ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരുടെ (ജിപി) എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. Economic and Social Research Institute (ESRI) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യാവര്‍ദ്ധനവിനൊപ്പം, ജനങ്ങള്‍ക്ക് പ്രായമേറുന്നതും ജിപിമാരുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നു.

2023-ലെ 5.3 മില്യണില്‍ നിന്നും 2040-ഓടെ അയര്‍ലണ്ടിലെ ജനസംഖ്യ 5.9 മുതല്‍ 6.3 മില്യണ്‍ വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. കുടിയേറ്റം അടക്കമുള്ള കണക്കാണിത്. ഇതോടെ 25 വസിന് താഴെയുള്ളവരുടെ എണ്ണം കുറയുകയും, 50 വയസിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം കൂടുകയും ചെയ്യും. എല്ലാ പ്രായക്കാരും ജിപിമാരെ കണ്‍സള്‍ട്ട് ചെയ്യാറുണ്ടെങ്കിലും പ്രായം കൂടിയവര്‍ക്ക് കൂടുതലായി കണ്‍സള്‍ട്ടേഷന്‍ വേണ്ടിവന്നേക്കും.

2023-ല്‍ 19.4 മില്യണ്‍ ജിപി കണ്‍സള്‍ട്ടേഷനുകളാണ് രാജ്യത്ത് നടന്നതെങ്കില്‍ 2040-ല്‍ ഇത് 23.9 മുതല്‍ 25.2 മില്യണ്‍ വരെ ഉയരാം. ഇത് 943 മുതല്‍ 1,211 ജിപിമാരെ വരെ അധികമായി നിയമിക്കേണ്ടതിലേയ്ക്ക് നയിക്കും. 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തുള്ള ജിപിമാരുടെ എണ്ണം 3,928 ആണ്.

ജിപി ഡോക്ടര്‍മാര്‍ക്കൊപ്പം ജനറല്‍ പ്രാക്ടീഷണര്‍ നഴ്‌സുമാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടതായി വരും. 2023-ല്‍ 2,288 ജിപി നഴ്‌സുമാര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. 2040 ആകുമ്പോള്‍ ഇതിനൊപ്പം 761 മുതല്‍ 858 ജിപി നഴ്‌സുമാരെ കൂടി അധികമായി നിയമിക്കേണ്ടി വരും.

Share this news

Leave a Reply