ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; തിങ്കളാഴ്ച കൊല്ലപ്പെട്ടത് 74 പേർ

ഗാസയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍. തിങ്കളാഴ്ച 74 പേരെയാണ് ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഗാസ സിറ്റിയിലെ Al-Baqa Cafe-യിലുണ്ടായ വ്യോമാക്രമണത്തില്‍ 30 പേരും, മറ്റൊരു ആക്രമണത്തില്‍ ഭക്ഷണം കാത്തുനിന്ന 23 പലസ്തീനികളും കൊല്ലപ്പെട്ടു.

20 മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കഫേ. ജനങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും, വൈഫൈ കണക്ട് ചെയ്യാനും ഇവിടമാണ് ആശ്രയിച്ചിരുന്നത്. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് കഫേയിലേയ്ക്ക് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഗാസ സിറ്റിയില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി Shifa Hospital അറിയിച്ചു. കെട്ടിടത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ആറ് പേരും കൊല്ലപ്പെട്ടു.

തെക്കന്‍ ഗാസയിലെ Khan Younis-ല്‍ ഭക്ഷണത്തിന് കാത്തുനിന്ന 11 പലസ്തീനികളെയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഇവര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-യുഎസ് എന്നിവര്‍ സംയുക്തമായി ഭക്ഷണവിതരണം നടത്തിവരുന്ന Gaza Humanitarian Fund (GHF) കേന്ദ്രത്തിന് സമീപമായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.

വടക്കന്‍ ഗാസയില്‍ United Nations-ന്റെ ഭക്ഷണ-സഹായ വിതരണകേന്ദ്രത്തിന് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും 10 പേര്‍ കൊല്ലപ്പെട്ടു. മറ്റ് ആക്രമണങ്ങളിലായി രണ്ട് പേരും കൊല്ലപ്പെട്ടു.

ഹമാസ് തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേല്‍ പറയുന്നതെങ്കിലും ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് തുടരുകയാണ്. സാധാരണക്കാര്‍ക്കിടയടില്‍ ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്നാണ് ഇസ്രായേലിന്റെ വാദം.

ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന രീതി ഏതാനും നാളായി ഇസ്രായേല്‍ തുടര്‍ന്നുവരികയാണ്. കഴിഞ്ഞ മാസം ഇത്തരത്തില്‍ 500-ലധികം പേരാണ് കൊല്ലപ്പെട്ടത്. പലസ്തീനികളെ വംശഹത്യ ചെയ്യാനായി ഇത്തരത്തില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് ഈ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഒന്നുകില്‍ ഭക്ഷണം കിട്ടാതെ മരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തിനായി എത്തുമ്പോള്‍ കൊല്ലപ്പെടുക എന്നിങ്ങനെ രണ്ട് വഴികള്‍ മാത്രമാണ് പലസ്തീനികള്‍ക്ക് മുന്നിലുള്ളതെന്ന് 165 അന്താഷ്ട്ര ചാരിറ്റികളും, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളും നടത്തിയ സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

യുദ്ധത്തില്‍ ഇതുവരെ 56,000-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്.

Share this news

Leave a Reply