അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന ജൂണ്‍ മാസത്തില്‍ 60 ശതമാനത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതാണ് വിപണിക്ക് ഉണര്‍വ്വ് നല്‍കിയിരിക്കുന്നത്.
എല്ലാ ജൂലൈ 1-നും നമ്പര്‍ പ്ലേറ്റ് മാറ്റം വരുമെന്നതിനാല്‍ ജൂണ്‍ മാസത്തില്‍ പൊതുവെ രാജ്യത്തെ കാര്‍ വിപണി അത്ര നേട്ടം കൈവരിക്കാറില്ല. 2024 ജൂണില്‍ 1,493 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഈ ജൂണില്‍ അത് 2,376 ആയി ഉയര്‍ന്നു. ഇതില്‍ 50.7 ശതമാനവും ഇലക്ട്രിക് കാറുകളാണ്. അതില്‍ തന്നെ 524 എണ്ണം ടെസ്ലയുടേതും.
ഈ വര്‍ഷം ഇതുവരെ അയര്‍ലണ്ടില്‍ പുതുതായി വിറ്റഴിച്ചത് 81,686 കാറുകളാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 3.4% ആണ് വളര്‍ച്ച. ആകെ വിറ്റ കാറുകളില്‍ 27.25% പെട്രോള്‍, 22.8% റെഗുലര്‍ ഹൈബ്രിഡ്, 17.3% ഡീസല്‍, 16.6% ഇലക്ട്രിക്, 15% പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളാണ്.
11,421 കാറുകളുടെ വില്‍പ്പനയുമായി ടൊയോട്ടയാണ് ഈ വര്‍ഷവും മുന്നില്‍. ഫോക്‌സ് വാഗണ്‍ ഈ വര്‍ഷം 9,066 കാറുകള്‍ വിറ്റ് രണ്ടാമതെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടായ് 7,805 കാറുകളും, നാലാം സ്ഥാനത്തുള്ള സ്‌കോഡ 7,513 കാറുകളും വിറ്റു. 6,403 കാറുകള്‍ വിറ്റഴിച്ച കിയ ആണ് അഞ്ചാമത്. പ്രീമിയം കാറായ ബിഎംഡബ്ല്യു 3,308 യൂണിറ്റുകളുടെ വില്‍പ്പനയുമായി ആറാം സ്ഥാനത്തെത്തി.
അതേസമയം അയര്‍ലണ്ടില്‍ ഈ വര്‍ഷം ഏറ്റവുമധികം പേര്‍ വാങ്ങിയ കാര്‍ ഹ്യുണ്ടായിയുടെ Tuscon ആണ്. ഇതിന്റെ 3,334 മോഡലുകള്‍ ഈ വര്‍ഷം വിറ്റുപോയി. Toyota Rav4 (2,432), Toyota Yaris Cross (2,398) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.