അയർലണ്ടിലെ കോർപ്പറേറ്റ് ടാക്സ് വരുമാനം കുതിച്ചുയർന്നു; ജൂൺ മാസത്തിൽ ലഭിച്ചത് 7.4 ബില്യൺ യൂറോ

അയര്‍ലണ്ടില്‍ സര്‍ക്കാരിന് ലഭിക്കുന്ന കോര്‍പ്പറേറ്റ് ടാക്‌സ് ഒരു വര്‍ഷത്തിനിടെ 25% വര്‍ദ്ധിച്ചു. 2024 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2025 ജൂണില്‍ കോര്‍പ്പറേറ്റ് ടാക്‌സ് വകയില്‍ സര്‍ക്കാരിന് ലഭിച്ചത് 7.4 ബില്യണ്‍ യൂറോയാണ്. 2025 മെയ് മാസത്തില്‍ ലഭിച്ച ടാക്‌സ് 2024 മെയ് മാസത്തെക്കാള്‍ 30% കുറവായിരുന്നു എന്നയിടത്താണ് ജൂണിലെ ടാക്‌സ് വരുമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയെയാണ് കോര്‍പ്പറേറ്റ് ടാക്‌സ് എന്ന് പറയുന്നത്. അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നുമാണിത്.

രാജ്യത്ത് മിക്ക കമ്പനികളും ജൂണ്‍, നവംബര്‍ മാസങ്ങളിലായാണ് കോര്‍പ്പറേറ്റ് ടാക്‌സ് ഒന്നിച്ച് അടയ്ക്കാറുള്ളത്. ജൂണില്‍ ലഭിച്ച 7.4 ബില്യണ്‍ യൂറോ എന്നത് 2017-ല്‍ സര്‍ക്കാരിന് ആകെ ലഭിച്ച ടാക്‌സ് വരുമാനത്തെക്കാള്‍ കൂടുതലാണ്. നവംബര്‍ മാസത്തിലെ കോര്‍പ്പറേറ്റ് ടാക്‌സ് വരുമാനത്തിലും വലിയ ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ടിലെ 12.5% കോര്‍പ്പറേറ്റ് ടാക്‌സ് വളരെ കുറവാണ്. ഇതുകാരണം യുഎസില്‍ നിന്നടക്കം നിരവധി കമ്പനികളാണ് പ്രവര്‍ത്തനത്തിന് അയര്‍ലണ്ട് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ യുഎസ് അധികൃതര്‍ അയര്‍ലണ്ടിനെ വിമര്‍ശിക്കുന്നതും പതിവാണ്. ഈയിടെ രൂപപ്പെട്ട യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരയുദ്ധം അയര്‍ലണ്ടിലെ കോര്‍പ്പറേറ്റ് കമ്പനികളെയും, അതുവഴി ടാക്‌സ് വരുമാനത്തെയും ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം മറ്റ് ടാക്‌സ് വരുമാനങ്ങളിലും ജൂണ്‍ മാസത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്‍കം ടാക്‌സില്‍ 4.3%, VAT-ല്‍ 5.8% എന്നിങ്ങനെയാണ് ജൂണ്‍ മാസത്തിലെ വര്‍ദ്ധന (2024 ജൂണിനെ അപേക്ഷിച്ച്).

Share this news

Leave a Reply