ഗാസ വിഷയത്തില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ പിന്തുണച്ച് രാജ്യത്ത് പകുതിയോളം ജനങ്ങള്‍. iReach നടത്തിയ സര്‍വേ പ്രകാരം ഗാസയിലെ യുദ്ധത്തില്‍ ഐറിഷ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ 46% പേരും ‘നല്ലത്’ എന്ന രീതിയിലും, 10% പേര്‍ ‘വളരെ നല്ലത്’ എന്ന രീതിയിലുമാണ് കാണുന്നത് എന്നാണ് വ്യക്തമായത്. പലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ സ്ഥാപനങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള ഇറക്കുമതി നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
സ്ത്രീ-പുരുഷ അഭിപ്രായങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചാല്‍ 53% പുരുഷന്മാര്‍ സര്‍ക്കാരിന്റെ നടപടികള്‍ നല്ലതാണ് എന്ന് പറഞ്ഞപ്പോള്‍ 40% സ്ത്രീകളാണ് ഇതേ അഭിപ്രായം പറഞ്ഞത്.
അതേസമയം 60% പേര്‍ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ അയര്‍ലണ്ട് പൊതു ഇടത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് എടുക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 25-34 പ്രായക്കാരാണ് ഈ ആവശ്യം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത ഈ പ്രായക്കാരിലെ 75% പേരും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.
ഗാസയില്‍ മനുഷ്യത്വപരമായ സഹായങ്ങള്‍ അയര്‍ലണ്ട് നല്‍കേണ്ടതുണ്ട് എന്ന് 75% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 62% പേര്‍ പ്രശ്‌നത്തെ അയര്‍ലണ്ട് നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭിപ്രായപ്പെട്ടത് 38% പേരാണ്.
അതേസമയം 18-24 പ്രായക്കാരില്‍ 83% പേരും ഗാസയില്‍ അയര്‍ലണ്ട് സഹായം എത്തിക്കണമെന്നും, 57% അഭയാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നും അഭിപ്രായപ്പെട്ടു.
ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന യുദ്ധം തങ്ങളെയും ബാധിക്കുന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 65% പേരും പ്രതികരിച്ചു. 25% പേരാണ് വളരെ വലിയ രീതിയില്‍ ബാധിക്കുന്നു എന്ന് പ്രതികരിച്ചത്.