യൂറോപ്പിൽ ആകമാനം അന്തരീക്ഷതാപനില കുത്തനെ ഉയർന്നതിനു പിന്നാലെ അയർലണ്ടിലും ഈയാഴ്ച ചൂടുയരും. വെള്ളിയാഴ്ചയോടെ താപനില 28 ഡിഗ്രിയിലേക്ക് എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയിൽ നിന്നും വെസ്റ്റേൺ യൂറോപ്പിലെത്തി അയർലണ്ടിലേക്ക് നീങ്ങുന്ന ഉയർന്ന മർദ്ദം (Azores High) ആണ് ഇവിടെ ചൂട് ഉയരാൻ കാരണം. ചൂടുള്ള വായു, തെളിഞ്ഞ ആകാശം, നേരിയ കാറ്റ് എന്നിവ അതുകാരണം ഉണ്ടാകും.
ഇന്ന് പൊതുവിൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയാകും രാജ്യമെങ്ങും അനുഭവപ്പെടുക. രാജ്യമെമ്പാടും ചാറ്റൽ മഴയും പെയ്യും. 17 മുതൽ 23 ഡിഗ്രി വരെയാകും ഉയർന്ന താപനില.
പിന്നീടുള്ള ദിവസങ്ങളിൽ രാജ്യത്ത് നല്ല വെയിൽ ലഭിക്കും. വെള്ളിയാഴ്ചയോടെ താപനില 28 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ലോകത്ത് മാറി മറിയുന്ന കാലാവസ്ഥ ഉണ്ടാകുന്നത് മനുഷ്യരുടെ പ്രവൃത്തികൾ കൊണ്ട് ഹരിതഗൃഹ വാതകങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടുന്നതും, അത് അന്തരീക്ഷത്തിൽ കെട്ടി നിൽക്കുന്നതും മൂലമാണ്. ശക്തമായ ചൂട് പോലെ വെള്ളപ്പൊക്കം, ശക്തമായ മഴ എന്നിവയും ഉണ്ടാകുന്നു. തെളിഞ്ഞ വെയിൽ ആശ്വാസം പകരുന്നതാണെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടർന്നാൽ അത് ഇനിയും ചൂട് ഉയരാനും, ജീവിതത്തെ ബാധിക്കാനും തുടങ്ങും. അത് തടയാൻ രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.