ആദ്യ വിമാനം ആകാശം തൊട്ടതിന്റെ 40-ആം വാര്‍ഷികമാഘോഷിച്ച് ഐറിഷ് വിമാനക്കമ്പനിയായ Ryanair. 1985 ജൂലൈ 8-നായിരുന്നു കമ്പനിയുടെ ആദ്യ വിമാനം വാട്ടര്‍ഫോര്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടന്‍ ഗാറ്റ് വിക്കിലേയ്ക്ക് പറന്നത്. 15 പേര്‍ക്ക് ഇരിക്കാവുന്ന ബ്രസീലിയന്‍ നിര്‍മ്മിത Bandeirante വിമാനമായിരുന്നു ഇത്.
സര്‍വീസ് ആരംഭിച്ച് ആദ്യ ആഴ്ചയില്‍ പ്രതീക്ഷിച്ചതിലധികം ബുക്കിങ് ഉണ്ടായെങ്കിലും പിന്നീട് വര്‍ഷങ്ങളോളം കമ്പനി വലിയ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് കമ്പനി പൂട്ടാതിരിക്കാനായുള്ള അവസാനശ്രമം എന്ന നിലയില്‍ ഐറിഷ് കടലിന് മുകളിലൂടെയുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് പകുതിയായി കുറയ്ക്കുന്നതിലേയ്ക്ക് വരെ കാര്യങ്ങളെത്തി. എന്നാല്‍ ക്രമേണ കൂടുതല്‍ യാത്രക്കാരും സര്‍വീസുകളുമായി Ryanair വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന സര്‍വീസുകളില്‍ മുന്‍പന്തിയിലാണ് Ryanair. നിലവില്‍ 600-ലധികം വിമാനങ്ങളാണ് കമ്പനിക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്. യൂറോപ്പ്, നോര്‍ത്ത് ആഫ്രിക്ക (മൊറോക്കോ), മിഡില്‍ ഈസ്റ്റ് (ഇസ്രായേല്‍, ജോര്‍ദാന്‍, തുര്‍ക്കി) എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളില്‍ Ryanair ഇന്ന് യാത്രക്കാരെ എത്തിക്കുന്നു. അയര്‍ലണ്ടിലെ ഡബ്ലിന് പുറമെ London Standfed, ഇറ്റലിയിലെ Milan Bergamo എന്നിവയും പ്രഥമ ബേസുകളാക്കി പ്രവര്‍ത്തിക്കുന്ന Ryanair, അയര്‍ലണ്ടിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറിയത് കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷമാണ്. 2016-ല്‍ ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ പാസഞ്ചേഴ്‌സിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി എന്ന നേട്ടവും Ryanair സ്വന്തമാക്കി.
അതേസമയം നേട്ടങ്ങള്‍ക്ക് പുറമെ ജോലിഭാരം, അധിക ചാര്‍ജ്ജ് ഈടാക്കല്‍, മോശം കസ്റ്റമര്‍ സര്‍വീസ്, ലോകശ്രദ്ധ കിട്ടാനായി മനപ്പൂര്‍വ്വം വിവാദം സൃഷ്ടിക്കല്‍ എന്നിവയുടെ പേരില്‍ കമ്പനി പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.