അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ Leinster House-ന് മുന്നില്‍ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന് പുറത്തുള്ള Molesworth Street അടയ്ക്കുകയും, ടിഡിമാര്‍, ജോലിക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് കുറച്ച് നേരത്തേയ്ക്ക് പ്രധാന വാതിലിലൂടെ പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയും ചെയ്തത്.
‘Traitors!’, ‘Get them out!’ ‘Cowards!’ മുതലായ ആക്രോശങ്ങളും പ്രതിഷേധക്കാരില്‍ ചിലര്‍ നടത്തി. പലരും ഐറിഷ് പതാകകളും കൈയിലേന്തിയിരുന്നു.
ഡബ്ലിനിലെ O’Connell Street-ല്‍ നിന്നുമാണ് പ്രതിഷേധ പ്രകടനമാരംഭിച്ചത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട Michelle Keane എന്ന വ്യക്തി, ഇതിന് ഒരു ദിവസം മുമ്പ് 100 ഐറിഷുകാര്‍ക്ക് പ്രതിഷേധം നടത്താനായി പാര്‍ലമെന്റ് കോംപൗണ്ടില്‍ പ്രവേശനം നല്‍കണമെന്ന് ടിഡിമാര്‍ക്ക് ഇമെയില്‍ സന്ദേശമയച്ചിരുന്നു. സമാധാനപൂര്‍ണ്ണമായ പ്രതിഷേധമാണ് നടത്തുക എന്നും കത്തില്‍ പറഞ്ഞിരുന്നു. ‘പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’ എന്നെഴുതിയ ബാനറുമായി പ്രതിഷേധം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ കെറിയില്‍ നിന്നും മത്സരിക്കാന്‍ Michelle Keane ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായ കേസില്‍ ഹൈക്കോടതി ഇവരെ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കും, അഭയാര്‍ത്ഥിവിരുദ്ധതയ്ക്കും പേരുകേട്ട Michelle Keane-ന്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ പിന്തുണ ലഭിക്കുന്നുണ്ട്. ഗാര്‍ഡ ഉദ്യഗസ്ഥനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടരുത് എന്ന കോടതി വിധി ലംഘിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം ഇവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.