അയര്‍ലണ്ടില്‍ അഴിമതി നിറഞ്ഞിരിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ എമ്പാടുമായി യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ അതാത് രാജ്യങ്ങളിലെ അഴിമതി എത്രത്തോളമുണ്ട് എന്ന് വിശ്വസിക്കുന്നതായി പരിശോധിച്ചത്. അയര്‍ലണ്ടിലെ 1,000-ഓളം പേരാണ് ഇത്തവണ സര്‍വേയില്‍ പങ്കെടുത്തത്. 27 ഇയു അംഗരാജ്യങ്ങളില്‍ നിന്നായി 26,300 പേരും സര്‍വേയുടെ ഭാഗമായി.
അയര്‍ലണ്ടിലെ അഴിമതി
സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 63% ജനങ്ങളും രാജ്യത്ത് അഴിമതി നിറഞ്ഞിരിക്കുന്നു എന്ന് കരുതുന്നവരാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഴിമതി വളരെയധികം വര്‍ദ്ധിച്ചു എന്ന് പ്രതികരിച്ചതാകട്ടെ 41% പേരും.
ഒരു വര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍ രാജ്യത്ത് അഴിമതി നിറഞ്ഞിട്ടുണ്ട് എന്ന് പ്രതികരിച്ച അയര്‍ലണ്ടുകാര്‍ 57% ആയിരുന്നു. ഇത്തവണത്തെ സര്‍വേയില്‍ അഴിമതി തങ്ങളെ നേരിട്ട് ബാധിക്കുന്നു എന്ന് പ്രതികരിച്ചവര്‍ 23% ആണ്. മുന്‍ വര്‍ഷം ഇത് 18% ആയിരുന്നു. 30% ആണ് ഇക്കാര്യത്തിലെ ഇയു ശരാശരി.
ഏറ്റവും അഴിമതി നിറഞ്ഞ മേഖലകള്‍ എതെല്ലാം?
ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ മേഖലകള്‍ ഏതെല്ലാം എന്ന ചോദ്യത്തിന് അയര്‍ലണ്ടുകാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ആണ് ഏറ്റവും കൂടുതല്‍ അഴിമതി എന്ന് 41% പേര്‍ പറഞ്ഞപ്പോള്‍, ദേശീയ, റീജിയണല്‍, ലോക്കല്‍ രാഷ്ട്രീയക്കാരിലാണ് ഏറ്റവുമധികം അഴിമതി എന്ന് 36% പേരും, പ്ലാനിങ് ഉദ്യോഗസ്ഥരാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന് 33% പേരും പ്രതികരിച്ചു.
ഇയുവിലെ മറ്റ് രാജ്യങ്ങളിലെ അഴിമതി
രാജ്യം അഴിമതിയാല്‍ നിറഞ്ഞിരിക്കുന്നു എന്ന് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പ്രതികരിച്ച ഇയു രാജ്യം ഗ്രീസ് ആണ്. ഇവിടുത്തെ 97% ആളുകള്‍ക്കാണ് ഈ അഭിപ്രായമുള്ളത്. മറുവശത്ത് രാജ്യത്ത് അഴിമതി നിറഞ്ഞിരിക്കുന്നു എന്ന് 21% പേര്‍ വിശ്വസിക്കുന്ന ഫിന്‍ലാന്‍ഡ് ആണ് പട്ടികയില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥാനത്ത്. അഴിമതിയിലെ യൂറോപ്യന്‍ യൂണിയന്‍ ശരാശരി 69% ആണ് എന്നിരിക്കെ അയര്‍ലണ്ടിലെ സ്ഥിതി കുറച്ചു ഭേദമാണെന്ന് പറയാം.
പൊതു കരാറുകളും അഴിമതികളും
കമ്പനികള്‍ പൊതു കരാറുകള്‍ നേടുന്നത് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് എന്ന് പ്രതികരിച്ച അയര്‍ലണ്ടുകാര്‍ 58% ആണ്. അതായത് 10-ല്‍ ആറ് പേരും ഇങ്ങനെ കരുതുന്നവരാണ്.
അയര്‍ലണ്ടിലെ ബിസിനസ് കള്‍ച്ചറിന്റെ ഭാഗമാണ് അഴിമതി എന്ന് വിശ്വസിക്കുന്നവര്‍ 59% പേരാണ്. 2024-ല്‍ ഇത് 54% ആയിരുന്നു. സ്വജനപക്ഷപാതം, കൈക്കൂലി എന്നിവ രാജ്യത്തെ ബിസിനസ് മേഖലയിലെ ആരോഗ്യകരമായ മത്സരത്തിന് തടസം സൃഷ്ടിക്കുന്നതായി 66% പേരും കരുതുന്നുണ്ട്.
അഴിമതിക്കെതിരായ നടപടികള്‍
അയര്‍ലണ്ടില്‍ ഉന്നത തലത്തിലെ അഴിമതിക്കെതിരായി കൃത്യമായ നിയമനടപടികളുണ്ടാകുന്നില്ല എന്ന് അഭിപ്രായപ്പെട്ടത് 63% പേരാണ്. 32% പേര്‍ മാത്രമാണ് അഴിമതിയെ സര്‍ക്കാര്‍ ഫലപ്രദമായി നേരിടുന്നുണ്ട് എന്ന് പ്രതികരിച്ചത്.
അഴിമതിയോടുള്ള കാഴ്ചപ്പാട്
അതേസമയം അഴിമതി ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ അയര്‍ലണ്ടുകാര്‍ 73% ആണ്. ഇയുവില്‍ തന്നെ ഏറ്റവും കൂടുതല്‍ അഴിമതിക്ക് എതിരായി നില്‍ക്കുന്നതില്‍ അഞ്ചാമത്തെ രാജ്യമാണ് അയര്‍ലണ്ട്. ഇയുവിലെ ആകെ ശരാശരിയെടുത്താല്‍ അഴിമതിക്ക് എതിരായി പ്രതികരിച്ചവരുടെ എണ്ണം 64% ആണ്.
അയര്‍ലണ്ടില്‍ കൈക്കൂലി നല്‍കേണ്ടി വന്നവര്‍ കുറവ്
അഴിമതി നിറഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടുതല്‍ ആണെങ്കിലും ഇയുവില്‍ കൈക്കൂലി നല്‍കേണ്ട അനുഭവം നേരിട്ട് ഉണ്ടായവര്‍, അതിനു സാക്ഷിയായവര്‍ എന്നിവര്‍ ഏറ്റവും കുറവ് ഉള്ള രണ്ട് രാജ്യങ്ങളില്‍ ഒന്ന് അയര്‍ലണ്ട് ആണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അയര്‍ലണ്ടിലെ വെറും 3% പേര്‍ മാത്രമാണ് തങ്ങള്‍ക്ക് നേരിട്ട് ഇത്തരം അനുഭവങ്ങളുണ്ടെന്ന് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ അയര്‍ലണ്ടിനൊപ്പമുള്ള ഏക രാജ്യം പോളണ്ടാണ്. അതേസമയം ഇയു ശരാശരിയാകട്ടെ 9 ശതമാനവും.
കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ കൈക്കൂലി നല്‍കുകയോ, വാങ്ങിയതിന് സാക്ഷിയാകുകയോ ചെയ്തവര്‍ അയര്‍ലണ്ടില്‍ 3% മാത്രം ആണ്. ഈ കണക്ക് മുഖവിലയ്‌ക്കെടുത്താല്‍ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിനും, പോര്‍ച്ചുഗലിനുമൊപ്പം രണ്ടാം സ്ഥാനത്താണ് അയര്‍ലണ്ട്.
ഒരു രാജ്യത്ത് അഴിമതിയുണ്ടോ അല്ലെങ്കില്‍ എത്രത്തോളമുണ്ട് എന്നത് ഓരോരുത്തരുടെയും നേരിട്ടുള്ള അനുഭവത്തെ ആശ്രയിച്ചാണ് കിടക്കുന്നതെന്നാണ് പഠനം പറഞ്ഞുവയ്ക്കുന്നത്.