അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വില ഉയർന്നു; വില വർദ്ധന ഏറ്റവും കുറവ് ഈ കൗണ്ടികളിൽ

അയര്‍ലണ്ടില്‍ ഭവനവില വീണ്ടും മുകളിലേയ്ക്ക്. 2025 മെയ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ വില 7.9% ഉയര്‍ന്നതായാണ് Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 370,000 യൂറോയും ആയി.

2025 ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ 7.6% ആയിരുന്നു ഭവനവിലയിലെ വര്‍ദ്ധന.

ഡബ്ലിനിലെ ഭവനവില

ഡബ്ലിന്‍ പ്രദേശം മാത്രം എടുക്കുകയാണെങ്കില്‍ മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.9% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. 9.3% വില വര്‍ദ്ധന രേഖപ്പെടുത്തിയ ഫിന്‍ഗാള്‍ ആണ് ഡബ്ലിനില്‍ ഏറ്റവുമധികം ഭവനവിലവര്‍ദ്ധന ഉണ്ടായ പ്രദേശം. Dún Laoghaire-Rathdown-ല്‍ 5.1 ശതമാനവും ഭവനവില വര്‍ദ്ധിച്ചു.

ഡബ്ലിന് പുറത്തെ ഭവനവില

അതേസമയം 2024 മെയ് മാസത്തെ അപേക്ഷിച്ച് 2025 മെയില്‍ എത്തുമ്പോള്‍ ഡബ്ലിന് പുറത്തെ ഭവനവിലവര്‍ദ്ധന 8.7% ആണ്. ഡബ്ലിന് പുറത്ത് വില ഏറ്റവുമധികം വര്‍ദ്ധിച്ചത് അതിര്‍ത്തി കൗണ്ടികളായ Cavan, Donegal, Leitrim, Monaghan, Sligo എന്നിവിടങ്ങളിലാണ്. 11.1% ആണ് ഇവിടങ്ങളിലെ വര്‍ദ്ധന. വിലവര്‍ദ്ധന ഏറ്റവും കുറഞ്ഞതാകട്ടെ Carlow, Kilkenny, Waterford, Wexford എന്നിവിടങ്ങളിലും- ഒരു വര്‍ഷത്തിനിടെയുണ്ടായ ഭവനവില വര്‍ദ്ധന 7.7%.

വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും

വാസസ്ഥലങ്ങള്‍ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിങ്ങനെയാക്കി തരംതിരിക്കുമ്പോള്‍ ഡബ്ലിനില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 7.2 ശതമാനവും, വീടുകള്‍ക്ക് 6.8 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെയുള്ള വര്‍ദ്ധന. ഡബ്ലിന് പുറത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 6.7% വിലയേറിയപ്പോള്‍ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 8.9% ആണ്.

എത്ര വീടുകള്‍ വിറ്റു?

CSO-യുടെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ആകെ 3,824 വീടുകളുടെ വില്‍പ്പനയാണ് റവന്യൂവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 911 പുതിയവ ആണ്. മെയ് മാസത്തില്‍ വീട് വാങ്ങിയവരില്‍ 1,388 പേരും ഫസ്റ്റ് ടൈം ബയര്‍മാരും ആണ്.

അയര്‍ലണ്ടില്‍ ഈ വര്‍ഷം എത്ര വീടുകള്‍ നിര്‍മ്മിക്കപ്പെടും?

The Economic and Social Research Institute-ന്റെ കണക്കുകൂട്ടല്‍ പ്രകാരം 2025-ല്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്ന പുതിയ വീടുകളുടെ എണ്ണം 33,000 ആണ്. അടുത്ത വര്‍ഷം 37,000 വീടുകളും. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച വീടുകളുടെ എണ്ണത്തില്‍ നിന്നും 10,000-ഓളം കുറഞ്ഞ് 30,330 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നത്.

Share this news

Leave a Reply