ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൈമണ്‍ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍. ഗാസയില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി പുതിയ ആഴങ്ങളില്‍ എത്തിയതായും മന്ത്രിമാര്‍ വ്യക്തമാക്കി.
ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയും, സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ പ്രവൃത്തിയെ അപലപിച്ചു മന്ത്രിമാര്‍, ആഗോള മനുഷ്യാവകാശ നിയമങ്ങളനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 7 മുതല്‍ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും വിദേശകാര്യമന്ത്രിമാര്‍ പുറത്തിറക്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.
ഐറിഷ് വിദേശകാര്യമന്ത്രിയായ സൈമണ്‍ ഹാരിസിന് പുറമെ Australia, Austria, Belgium, Canada, Denmark, Estonia, Finland, France, Iceland, Italy, Japan, Latvia, Lithuania, Luxembourg, The Netherlands, New Zealand, Norway, Poland, Portugal, Slovenia, Spain, Sweden, Switzerland, UK എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഭക്ഷണത്തിനും, മറ്റുമായി സഹായകേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നവരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തുന്നത് ഗാസയില്‍ പതിവായിരിക്കുകയാണ്. ഇസ്രായേലിന്റെ ഈ സഹായകേന്ദ്രങ്ങള്‍ അപകടകരമാണെന്നും, 800-ലധികം പലസ്തീന്‍കാര്‍ ഇത്തരത്തില്‍ സഹായം കാത്തു നില്‍ക്കവേ കൊല്ലപ്പെട്ടു എന്നത് ഭയപ്പെടുത്തുന്നതാണെന്നും കത്തില്‍ പറയുന്നു. അടിസ്ഥാന മാനുഷിക പരിഗണന പോലും ഇസ്രായേല്‍ നല്‍കാന്‍ തയ്യാറാകുന്നില്ല എന്നത് തീര്‍ത്തും അസ്വീകാര്യമാണെന്നും കത്ത് വ്യക്തമാക്കി. പലസ്തീനെ രണ്ടാക്കി ഭാഗിക്കണമെന്നാവശ്യപ്പെടുന്ന ഇസ്രായേലിന്റെ E1 കരാര്‍ നിര്‍ദ്ദേശത്തെയും മന്ത്രിമാര്‍ വിമര്‍ശിച്ചു. പലസ്തീനികളെ ഇത്തരത്തില്‍ ബലമായി മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ഇസ്രായേലുമായുള്ള വ്യാപാരബന്ധം
ഇസ്രായേലിലെ ഇറക്കുമതിയില്‍ മൂന്നില്‍ ഒന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമാണ്. എന്നാല്‍ ഇയുവിലേയ്ക്ക് ഇസ്രായേലില്‍ നിന്നുമുള്ള കയറ്റുമതിയാകട്ടെ 1% മാത്രവും. അതേസമയം ഇസ്രായേലുമായുള്ള വ്യാപാരബന്ധം നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ യൂണിയന് ഏകകണ്ഠമായി തീരുമാനമെടുക്കാന്‍ സാധിക്കില്ല. കാരണം ഓസ്ട്രിയ, ജര്‍മ്മനി, ഹംഗറി മുതലായ രാജ്യങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിന് പിന്തുണ നല്‍കിവരുന്നുണ്ട്.