2025-26 വിന്റര്‍ സീസണില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അധിക സര്‍വീസുകള്‍ നടത്താന്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനികളായ ഖത്തര്‍ എയര്‍വേയ്‌സും,എമിറേറ്റ്‌സും.
ഒക്ടോബര്‍ 26 മുതല്‍ ഡബ്ലിന്‍- ദുബായ് റൂട്ടില്‍ മൂന്നാമത് ഒരു സര്‍വീസ് കൂടി ആരംഭിക്കുമെന്ന് എമിറ്റേറ്റ്‌സ് അറിയിച്ചു. Boeing 777-300ER ഉപയോഗിച്ചുള്ള ഈ സര്‍വീസില്‍ എട്ട് ഫസ്റ്റ് ക്ലാസ്, 42 ബിസിനസ് ക്ലാസ്, 304 എക്കണോമി ക്ലാസ് എന്നിവ ഉണ്ടാകും. ഈ സമയം കൂടുതല്‍ യാത്രക്കാരെത്തും എന്നത് മുന്നില്‍ക്കണ്ടാണ് തീരുമാനമെന്നും, രാവിലെ, ഉച്ച, വൈകിട്ട് എന്നിങ്ങനെ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ചാകും സര്‍വീസ് എന്നും കമ്പനി അറിയിച്ചു. ദുബായില്‍ നിന്നും സിഡ്‌നി, മെല്‍ബണ്‍, സിംഗപ്പൂര്‍, ക്വാല ലംപൂര്‍, ബാങ്കോക്ക് മുതലായ ഇടങ്ങളിലേയ്ക്കുള്ള എമിറേറ്റ്‌സിന്റെ തന്നെ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ പുറപ്പെടുന്ന സമയം കൂടി കണക്കാക്കി, അത്തരത്തില്‍ കണക്ട് ചെയ്ത് യാത്ര ചെയ്യാവുന്ന രീതിയിലാണ് പുതിയ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക.
അതേസമയം ഡിംസബര്‍ 2 മുതല്‍ ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം 14-ല്‍ നിന്നും 17 ആക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്. രാവിലെ ദോഹയില്‍ എത്തിച്ചേരുന്ന പുതിയ സര്‍വീസും ഇതില്‍ പെടും. ദോഹയില്‍ നിന്നും സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേയ്ക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ പിടിക്കാവുന്ന തരത്തിലാണ് ഇവയുടെ സമയം ക്രമീകരിക്കുക എന്നും ഖത്തര്‍ എയര്‍വേയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.