വീടിന്നാകെ പ്രകാശം പരത്തുന്ന, പൊൻവിളക്കാണു പെണ്മക്കളെന്നും
അച്ഛന്റെ കണ്മണിയാണ് മകളെന്നും, അമ്മയ്ക്ക് നല്ലൊരു കൂട്ടുകാരി
പൊന്നുപോൽ നോക്കുക പെൺമക്കളെ, കെട്ടിച്ചയക്കാൻ ധൃതിവേണ്ട
വിദ്യ നൽകീടുക വേണ്ടുവോളം, ലക്ഷ്യങ്ങൾ നേടാൻ തുണയേകുക
അച്ഛനും അമ്മയും ഏറെ കൊതിച്ചിടും, മക്കൾതൻ കല്യാണമൊന്നുകാണാൻ
ഭാരമൊഴിവാക്കി സ്വസ്ഥമായീടുവാൻ, മക്കളെ കെട്ടിച്ചയച്ചിടല്ലേ
കല്യാണമല്ല നിൻ ജീവിതലക്ഷ്യമെന്നെന്നും പഠിപ്പിക്ക പെണ്മക്കളെ
സമ്പത്തുനോക്കി കല്യാണം നടത്തല്ലേ, സ്വത്തിനേക്കാൾ മുഖ്യം സൽസ്വഭാവം
സ്ത്രീധനമോഹവുമായ് വരുന്നോരെ, തുരത്തുക തെല്ലും മടിച്ചിടാതെ
കല്യാണനാളവൾ വീടുവിട്ടീടുമ്പോൾ, വീടുറങ്ങീടുമെന്നേക്കുമായി
അച്ഛന്റെ നെഞ്ചുപിടഞ്ഞിടുമന്നേരം, അണപൊട്ടും അമ്മതൻ ദുഃഖമപ്പോൾ
സ്ത്രീധന പീഢന വാർത്തകൾ ഇന്നു തുടർക്കഥയാകുന്നു നാട്ടിലെങ്ങും
പീഢനമെല്ലാം സഹിച്ചു തുടരുവാൻ വിട്ടുകൊടുക്കല്ലേ തൻമക്കളെ
കെട്ടിച്ചുവിട്ടൊരാ വീട്ടിൽ തുടരുവാൻ, ഒട്ടും കഴിയാതെ വന്നീടുകിൽ
പിച്ചവച്ചോടികളിച്ച നിൻ വീടുണ്ടെന്നോർമ്മിപ്പിച്ചീടുക പെൺമക്കളെ
ബന്ധുക്കളെന്തു കരുതുമെന്നോർത്തിട്ട് ബന്ധം വിടർത്താൻ മടിച്ചിടേണ്ട
കെട്ടിയപെണ്ണിനെ നോക്കാൻ കഴിയാത്തോൻ പെണ്ണുകെട്ടീടാനായ് പോയിടല്ലേ
ഭാര്യയെ തല്ലുന്നതാണത്തമല്ലതു, ഭീരുത്വമാണെന്നതോർത്തിടുക
സ്ത്രീകൾക്കുമുണ്ട് സ്വാതന്ത്ര്യം ഈ ലോകത്തിൽ, അടിമയാക്കീടാൻ ശ്രമിച്ചിടല്ലേ
അമ്മായി അപ്പനും അമ്മായി അമ്മയും, കാണണം മരുമോളെ മകളെന്ന പോൽ
സ്ത്രീധന പീഢന വീരന്മാർക്കേകുക ദാക്ഷിണ്യമില്ലാത്ത കഠിനശിക്ഷ.
(സ്ത്രീധന പീഢനവും അതിനെത്തുടർന്നുള്ള ആത്മഹത്യ അല്ലെങ്കിൽ കൊലപാതകങ്ങൾ നാട്ടിലും പ്രവാസലോകത്തിലും ഇന്ന് തുടർക്കഥ ആകുകയാണ്. ഇത്തരം വാർത്തകൾ നിരന്തരം കണ്ട് അമർഷവും ദുഃഖവും മനസ്സിൽ നിറഞ്ഞപ്പോൾ എഴുതിയ കവിത)