McCormack Family Farms നിർമ്മിക്കുന്ന സാലഡ് ലീവ്സ് പാക്കറ്റുകളിൽ ലിസ്റ്റീരിയ ബാക്റ്റീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്നും ഉൽപ്പന്നങ്ങളെ തിരിച്ചു വിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI).
ഈ ബാക്ടീരിയ ഉണ്ടാക്കുന്ന ലിസ്റ്റീരിയോസിസ് പിടിപെട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും തുടർന്ന് ടെസ്‌കോ, സൂപ്പർവാലു, സെൻട്ര തുടങ്ങിയ ജനപ്രിയ സൂപ്പർമാർക്കറ്റുകളിൽ നിന്നും നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടി. കഴിഞ്ഞ ആഴ്ചയിൽ ഇതേ ബാക്റ്റീരിയയെ കണ്ടെത്തിയതിനെ തുടർന്ന് വിവിധ കമ്പനികളുടെ 200-ഓളം റെഡി റ്റു ഈറ്റ് ഉൽപ്പന്നങ്ങളെയാണ് തിരികെ വിളിച്ചിരുന്നത്.
McCormack Family Farms നിർമ്മിക്കുന്ന ഏഴ് തരം സാലഡ് ലീവ്സ് ഉൽപ്പന്നങ്ങൾ കടകളിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരോധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഇവ:
- McCormack Family Farms Energise Super Mix;
- McCormack Family Farms Irish Spinach Leaves;
- McCormack Family Farms Mixed Leaves;
- McCormack Family Farms Baby Leaves;
- Tesco Mild Spinach;
- Egan’s Irish Baby Spinach;
- SuperValu Spinach bag (Unwashed)
നേരിയ പനി അല്ലെങ്കിൽ ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ ഉൾപ്പെടെയുള്ള പ്രതിരോധശേഷി കുറഞ്ഞവരിൽ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് ശരാശരി മൂന്ന് ആഴ്ചയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് മൂന്ന് മുതൽ 70 ദിവസം വരെ നീണ്ടേക്കാം.