അയര്‍ലണ്ടിലെ പുതിയ ഗാര്‍ഡ കമ്മീഷണറായി ജസ്റ്റിന്‍ കെല്ലി സെപ്റ്റംബര്‍ 1-ന് സ്ഥാനമേല്‍ക്കും. നിലവിലെ കമ്മീഷണറായ ഡ്രൂ ഹാരിസ് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് കെല്ലിയുടെ നിയമനം. നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഹാരിസ് ഗാര്‍ഡ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ഗാര്‍ഡയില്‍ 41 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ട് അദ്ദേഹത്തിന്.
നിലവില്‍ ഡെപ്യൂട്ടി കമ്മീഷണറായ ജസ്റ്റിന്‍ കെല്ലിയെ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് കമ്മീഷണര്‍ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. 30 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ജസ്റ്റിന്‍ കെല്ലി, കമ്മീഷണര്‍ സ്ഥാനം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് മന്ത്രി ജിം ഒ’കല്ലഗന്‍ പറഞ്ഞു. അദ്ദേഹം സമൂഹത്തിന് വിശ്വസ്തസേവനം നല്‍കുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗ്യരായ 14 പേരില്‍ നിന്നുമാണ് രണ്ട് അഭിമുഖങ്ങള്‍ക്കും, ഒരു പ്രെസന്റേഷനും ശേഷം പുതിയ ഗാര്‍ഡ കമ്മീഷണറെ തിരഞ്ഞെടുത്തത്. സംഘടിത കുറ്റവാളികളെ നേരിടുക, ദേശീയ സുരക്ഷ എന്നിവയില്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ് ജസ്റ്റിന്‍ കെല്ലി. 2024 ഒക്ടോബര്‍ മുതല്‍ അദ്ദേഹം ഗാര്‍ഡ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയാണ്.