ഡബ്ലിൻ: ഒരു നൂറ്റാണ്ട് നീണ്ടു നിന്ന പോരാട്ടത്തിന്റെ വിപ്ലവേതിഹാസം; മുൻമുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ സി.പി.ഐ എമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എ ഐ സി ബ്രിട്ടൻ ആൻഡ് അയർലണ്ടിന്റെ ഡബ്ലിൻ ബ്രാഞ്ച് ക്ലോണിയിലെ ഗ്രാസ് ഹോപ്പർ ഹാളിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും, പൊതു സമൂഹവും അനുശോചന യോഗത്തിൽ വിഎസിനെ അനുസ്മരിച്ചു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തു മില്ലാത്ത പ്രവാസി ക്ഷേമ നിധി നടപ്പിലാക്കിയതും, മലയാള മിഷൻ പ്രവർത്തനങ്ങളും വിഎസിന്റെ ഭരണകാലത്തായിരുന്നു. 1940-ൽ തന്റെ പതിനേഴാം വയസ്സിൽ പാർട്ടിയിൽ ചേർന്ന വി.എസ് മരണം വരെ ആ പാതയിൽ ഉറച്ച പോരാളിയായി ജ്വലിച്ച് നിന്നു. ആ സമര ജീവിതം ഓർമ്മകളായി, അനീതിക്കെതിരായ തൊഴിലാളി പക്ഷ സമരോർജ്ജമായി അനേകം തലമുറകൾക്ക് കെടാവിളക്കായി ജ്വലിച്ചു നിൽക്കും. വിഎസിന്റെ വിയോഗം കേരളത്തിന് ഉണ്ടായ തീരാനഷ്ടമാണെന്ന് എഐസി ഡബ്ലിൻ ബ്രാഞ്ച് അനുസ്മരിച്ചു.
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട്. ടി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രണബ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലിങ്ക്‌വിസ്റ്റർ ( ഒ ഐ സി സി), KR അനിൽ (സദ്ഗമയ), വിപിൻ പോൾ (മൈൻഡ്), രാജു കുന്നക്കാട് (കേരള കോൺഗ്രസ് എം), രാജൻ ദേവസ്യ ( മലയാളം), ചാക്കോ ജോസഫ് ( ഐ എഫ് എ ദ്രോഗഡ), മെൽവിൻ മാത്യു ( മിഴി), പ്രീതി മനോജ് (എം എൻ ഐ), വർഗീസ് ജോയ്, ( കേന്ദ്ര കമ്മിറ്റി, എ ഐ സി), വിനീഷ് (ക്രാന്തി അയർലണ്ട്), മനോജ് ജേക്കബ്(ബി.എം എ), ഷൈൻ എന്നിവർ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി രതീഷ് സുരേഷ് സ്വാഗതവും, മനോജ് ഡി മന്നത്ത് നന്ദിയും പറഞ്ഞു.