അയര്‍ലണ്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനത്തിലേയ്ക്ക് അടുത്ത വര്‍ഷം അവസാനത്തോടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചേക്കും. പൊതുഗതാഗതസംവിധാനങ്ങളിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന് മാത്രമായി പ്രത്യേക പൊലീസ് സേന വേണം എന്ന് വിവിധ ഭാഗങ്ങളില്‍ നിന്നായി ആവശ്യമുയര്‍ന്നത്. യൂണിഫോം ധരിച്ചെത്തുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് അക്രമികളെ അറസ്റ്റ് ചെയ്യാനും, പിടിച്ചുവയ്ക്കാനും അധികാരവും ഉണ്ടാകും. ഇത് സംബന്ധിച്ച നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
ട്രെയിനുകള്‍, ബസുകള്‍, ട്രാമുകള്‍ എന്നിവയിലെല്ലാം ട്രാന്‍സ്‌പോര്‍ട്ട് പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. കൂടുതല്‍ പേര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇത് പ്രേരണയാകുമെന്നാണ് പ്രതീക്ഷ.
ഇത്തരമൊരു പൊലീസ് സംവിധാനം ആവശ്യമാണെന്നത് വളരെ വ്യക്തമാണെന്നും, അക്രമസംഭവങ്ങള്‍ കാരണം പലരും പൊതുഗതാഗതങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുകയാണെന്നും ഗതാഗതവകുപ്പ് മന്ത്രി ഡാര ഒ’ബ്രിയന്‍ പറഞ്ഞു. ചില പ്രത്യേക പ്രദേശങ്ങളില്‍ സ്ഥിരമായി അക്രമങ്ങള്‍ നടക്കുന്നുവെന്നും, ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.