ഓണ്‍ലൈനിലെ തീവ്രവും, ആക്രമണോത്സുകവുമായ അശ്ലീല ദൃശ്യങ്ങള്‍ ചില ചെറുപ്പക്കാരെ വഴി തെറ്റിക്കാനും, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നിസ്സാരവല്‍ക്കരിക്കാനും കാരണമാകുന്നുവെന്നും ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ്. ചില കേസുകളില്‍ തങ്ങള്‍ ചെയ്തത് ലൈംഗിക അതിക്രമമാണെന്ന് പ്രതികളെ ഗാര്‍ഡയ്ക്ക് പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥയാണെന്നും സെപ്റ്റംബറിലെ വിരമിക്കലിന് മുമ്പായി വ്യാഴാഴ്ച പൊലീസിങ് അതോറിയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഹാരിസ് വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് എതിരെ ആക്രമണം നടത്തുന്ന രീതിയിലുള്ള പോണോഗ്രഫി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണെന്ന് പറഞ്ഞ ഹാരിസ്, ഇത് ചെറുപ്പക്കാരായ ആളുകളെ വല്ലാതെ സ്വാധീനിക്കുകയും, ലൈംഗികത എന്നാല്‍ അക്രമം നിറഞ്ഞതാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണോത്സുകമായ ലൈംഗികത സാധാരണ കാര്യം പോലെയാണ് പലരും കാണുന്നത്. അതിനാല്‍ ചെയ്തത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസിലാക്കേണ്ടി വരികയാണ്.
കുട്ടികള്‍ അക്രമം നിറഞ്ഞ രംഗങ്ങളും മറ്റും കാണുന്നില്ലെന്ന് ഉറപ്പിക്കുന്നത് നല്ല കാര്യമാണെന്നും ഹാരിസ് പറഞ്ഞു. നിരന്തരമായി അത്തരം രംഗങ്ങള്‍ കാണുന്നത്, അതെല്ലാം സര്‍വ്വസാധാരണമാണ് എന്ന ചിന്ത വളര്‍ത്താന്‍ ഇടയാക്കും. അതിനാല്‍ ലൈംഗികത, അക്രമം എന്നിവയെയെല്ലാം സംബന്ധിച്ച് ആളുകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്നും ഹാരിസ് പറഞ്ഞു.