കവിത: ലഹരി (പ്രസാദ് കെ. ഐസക്)

പ്രസാദ് കെ. ഐസക്

 

മദ്യം കണ്ടുപിടിച്ചൂ മനുഷ്യൻ ക്രിസ്തു ജനിക്കും മുൻപേ

മദ്യത്തിനുമുണ്ടായ് പലമാറ്റം കാലം പോകെപോകെ

സിരകളിൽ ലഹരിനിറയ്‌ക്കും മദ്യം പലതരമുലകിൽ സുലഭം

പലവർണങ്ങളിൽ പലപല പേരിൽ മദ്യംപലവിധമുണ്ട്

മുക്കിനു മുക്കിനു ബാറുകളുണ്ട് ലോകത്തെവിടെയുമിപ്പോൾ

പഞ്ചായത്തുകൾ തോറും കള്ളുകൾ വിൽക്കും ഷാപ്പുകളുണ്ട്

ഷാപ്പിൽ വിൽക്കും കള്ളുകളെല്ലാം മായം ചേർന്നവതന്നെ

മദ്യം വിറ്റു തടിച്ചുകൊഴുത്തു  മദ്യരാജാക്കന്മാർ

അൽപ്പം മദ്യം ഹൃത്തിനു നന്നെന്നുണ്ട് ചിലർക്കൊരു പക്ഷം

ഇത്തിരിപോലും ദേഹിക്കൊട്ടും ഗുണമല്ലെന്നത് സത്യം

കൺട്രോൾ ചെയ്യാൻ കഴിവില്ലാത്തവർ കള്ളുകുടിക്കരുതൊട്ടും

കാരണവന്മാർ പണ്ടുപറഞ്ഞ പഴംചൊല്ലൊന്നതു കേൾക്കാം

കൂട്ടുകൾ കൂടീം കൂട്ടാൻ കൂട്ടീം കള്ളുകുടിക്കരുതാരും

മദ്യം കൂടാതുള്ള വിശേഷം മലയാളിക്കിന്നില്ല

ആഘോഷങ്ങൾ കൊഴുപ്പിച്ചീടാൻ മദ്യമൊഴുക്കാണെങ്ങും

കാര്യംകാണാൻ കൈക്കൂലിയതായ് വാങ്ങീടും ചിലർ മദ്യം

ലോകത്തെങ്ങും കാണാൻ കഴിയും പലവിധ കുടിയന്മാരെ

രണ്ടെണ്ണം രാവിലെ ചെന്നില്ലേൽ കൈവിറയുണ്ട് ചിലർക്ക്

രാവിലെതൊട്ടു തുടങ്ങും പിന്നെ പാമ്പായ് മാറും പതിയെ

മറ്റൊരു കൂട്ടർ മദ്യം ചെന്നാൽ മനസ്സുതുറന്നിടുമപ്പോൾ

പഴയവ മുഴുവൻ ഓർത്തിട്ടൊത്തിരി കരയുമൊരിത്തിരിനേരം

മദ്യംചെന്നാൽ മനസ്സിനൊരിത്തിരി ശാന്തത ഉണ്ട്ചിലർക്ക്

മൗനികളായവർ മദ്യമടിച്ചാൽ കളിചിരിയങ്ങുതുടങ്ങും

കള്ളുകുടിച്ചാൽ ഉരിയാടാൻ മടികാട്ടും മറ്റൊരുകൂട്ടർ

വെള്ളമടിച്ചാൽ വക്കാണം ഒരു പതിവാക്കുന്നോരുണ്ട്

കാരണമതിനായ് കണ്ടുപിടിക്കാൻ വിരുതുണ്ടീ കൂട്ടർക്ക്

ഉള്ളവയെല്ലാം വിറ്റുതുലച്ചവർ വെള്ളമടിച്ചുനടക്കും

കെട്ടിയ താലീം പണയം വയ്ക്കും മറ്റൊരു മാർഗ്ഗവുമില്ലേൽ

സംശയരോഗം മൂർച്ഛിച്ചീടും ചിലർക്ക് മദ്യം ചെന്നാൽ

സർക്കാരിന്നും മദ്യംവേണം മുന്നോട്ടൊന്നു ഭരിക്കാൻ

ബിവറേജിൽ പോയ് ക്യൂ നിൽക്കേണം നാട്ടിൽ മദ്യംകിട്ടാൻ

മദ്യം വിറ്റതിൻ ലാഭംകൊയ്യാൻ സർക്കാരെന്നും മുന്നിൽ

വരിയായ് നിന്നതു വാങ്ങുന്നോർക്കോ ദുരിതം മാത്രം മിച്ചം

പതിവായ് മദ്യമടിച്ചീടുന്നോർ രോഗികളാകും പതിയെ

കരളും കിഡ്‌നിയുമെല്ലാം പോയിട്ടാളു പതുക്കെപോകും

കിഡ്‍നീം കരളും മാറ്റണമെങ്കിൽ ലക്ഷങ്ങൾ ചിലവാകും

പുത്തൻതലമുറ ലഹരിയുമുണ്ടവ മനുഷ്യനെ മൃഗമായ് മാറ്റും

ഹാഷിഷ്,കൊക്കെയിൻ അങ്ങിനെ പലവിധ ഡ്രഗ്സുകളുണ്ടീ ലിസ്റ്റിൽ

മറ്റൊരു ലോകത്തെത്തും മനുഷ്യർ ഇവയൊന്നുള്ളിൽ ചെന്നാൽ

സഹജീവികളെ കൊല്ലാൻ പോലും മടികാട്ടുകയില്ലപ്പോൾ

പുതുതലമുറ നാശത്തിൻ വക്കിൽ ഇവയുടെ ഉപയോഗത്താൽ

ഇതിനായുണ്ടൊരു മാഫിയതന്നെ മാപ്പില്ലക്കൂട്ടർക്ക്

സ്കൂൾ കുട്ടികളും വഴിതെറ്റുന്നു ലഹരിക്കടിമകളായി

ഇതിനൊരു പ്രധിവിധി ഒന്നേയുള്ളൂ വൈകീടരുതിനിയൊട്ടും

ലഹരികൾ തന്നുടെ ദോഷവശങ്ങൾ ചേർക്കുക സിലബസിൽ വേഗം

പൊതുജനബോധമുണർത്താനേറെ പരിപാടികളും വേണം.

Share this news

Leave a Reply