അയര്‍ലണ്ടിലെ കൗമാര കുറ്റവാളികളുടെ എണ്ണം ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. Irish Probation Service-ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 12-17 പ്രായക്കാരായ 609 പേരെയാണ് വിവിധ കുറ്റങ്ങള്‍ ചെയ്തതിനെ തുടര്‍ന്ന് നല്ലനടപ്പിന് വിധിച്ചത്. ഇത് 2023-നെക്കാള്‍ 10% അധികവും, 2015 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്. 609 പേരില്‍ 567 പേര്‍ ആണ്‍കുട്ടികളും, 42 പേര്‍ പെണ്‍കുട്ടികളുമാണ്.
ചെറിയ കുറ്റങ്ങള്‍ക്ക് തടവിന് പകരം ഒരു പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ സാമൂഹികസേവനം നടത്തുന്ന രീതിയിലാണ് ഇവര്‍ക്കുള്ള ശിക്ഷ. ഇവരിലെ കുറ്റവാസന മാറ്റി തിരികെ സമൂഹത്തില്‍ സാധാരണ ജീവിതം നടത്താന്‍ പ്രാപ്തരാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
രാജ്യത്ത് കൗമാരക്കാര്‍ ചെയ്യുന്ന കുറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. മോഷണമാണ് ഏറ്റവുമധികം പേര്‍ (18.5%) ചെയ്ത കുറ്റം. അക്രമം (17.4%), മയക്കുമരുന്ന് ഉപയോഗം (16.1%), പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കല്‍ (9.9%), ഗതാഗതനിയമ ലംഘനം (7.5%), കൊള്ള (5.7) എന്നിവയാണ് പിന്നാലെ.