അയര്‍ലണ്ടിലെ 13% പുരുഷന്മാരും, 7% സ്ത്രീകളും കഴിഞ്ഞ 12 മാസത്തിനിടെ ഒരു എഐ ചാറ്റ് ബോട്ടുമായി പ്രണയബന്ധമുണ്ടാക്കാന്‍ ശ്രമിച്ചതായി ഗവേഷകര്‍. Pure Telecom നടത്തിയ ഗവേഷണത്തിലാണ് കൗതുകകരവും, ഒരുപക്ഷേ ഭാവിയില്‍ വലിയൊരു പ്രശ്‌നവും ആയേക്കാവുന്ന ഈ കണ്ടെത്തല്‍.
നിരവധി എഐ ചാറ്റ് ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ നിലവില്‍ ലോകമെമ്പാടും ലഭ്യമാണ്. ചിലത് പ്രാരംഭഘട്ടത്തില്‍ ആണെങ്കില്‍ മറ്റ് ചിലത് വോയ്‌സ്, വീഡിയോ ചാറ്റ് അടക്കം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിട്ടുമുണ്ട്. ഗവേഷണം അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ 370,000 പേര്‍ ഏതെങ്കിലും ഒരു എഐ ചാറ്റ് ബോട്ടുമായി പ്രണയബന്ധത്തിന് ശ്രമിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും 25-34 പ്രായക്കാരാണ്. അതേസമയം പ്രായമായവര്‍ ഇത്തരത്തില്‍ ബന്ധം സൃഷ്ടിക്കാനായി ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നില്ല എന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു.
സമൂഹത്തല്‍ നിന്നും അകന്ന് താമസിക്കുന്നവര്‍, ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍, വിവാഹമോചനം പോലുള്ള പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവര്‍ മുതലായവരാണ് കൂടുതലായും പ്രണയം കണ്ടെത്താന്‍ ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഒരാള്‍ വീതം, യഥാര്‍ത്ഥത്തിലുള്ള ഒരാളെക്കാള്‍ നല്ലത് ചാറ്റ് ബോട്ടുമായുമുള്ള പ്രണയമാണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള പ്രണയത്തെക്കാള്‍ ചാറ്റ് ബോട്ടുമായുള്ള പ്രണയം എളുപ്പമാണ് എന്ന് അഞ്ചില്‍ ഒന്ന് പേരും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.
ചാറ്റ് ബോട്ടുകളുമായി പ്രണയത്തിലാകുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും സൈക്കോളജിസ്റ്റുകള്‍ പറയുന്നു. മനുഷ്യര്‍ എപ്പോഴും കണക്ഷന് വേണ്ടിയാണ് ശ്രമിക്കുക എന്നും, തങ്ങളെ കേള്‍ക്കാനും, ഓര്‍ക്കാനും, തങ്ങളോട് പ്രതികരിക്കാനും ആരെങ്കിലുമുണ്ടെങ്കില്‍, അത് എഐ ചാറ്റ് ബോട്ട് ആണെങ്കിലും, കണക്ഷന്‍ തോന്നാം എന്നും അവര്‍ പറയുന്നു.






