അയര്‍ലണ്ടില്‍ ഈയിടെയായി ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുണ്ടായ വംശീയ ആക്രമണങ്ങളില്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് The Irish Nurses and Midwives Organisation (INMO). ഗാര്‍ഡ ഇക്കാര്യത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും, ഇത്തരം ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും സംഘടന വ്യക്തമാക്കി.
2024-ലെ കണക്കനുസരിച്ച് NMBI (Nursing and Midwifery Board of Ireland)-യില്‍ രജിസ്റ്റര്‍ ചെയ്ത 35,429 നഴസുമാര്‍, മിഡ്‌വൈഫുമാര്‍ എന്നിവര്‍ അയര്‍ലണ്ടിന് പുറത്ത് പഠനം പൂര്‍ത്തിയാക്കിയവരാണ്.
നഴ്‌സുമാര്‍ ജോലി ചെയ്യാന്‍ ഭയക്കുന്ന ഒരു സ്ഥലമായി അയര്‍ലണ്ട് മാറാന്‍ പാടില്ല എന്ന് INMO ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എഡ്വാര്‍ഡ് മാത്യൂസ് പറഞ്ഞു. രാജ്യത്ത് അവശ്യസേവനം നല്‍കാനായി നിരവധി നഴ്‌സുമാര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തിയിട്ടുണ്ടെന്നും, അവരും, അവരുടെ കുടുംബവും ഇവിടുത്തെ സമൂഹത്തിന്റെ തന്നെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും ചിലരുടെ മോശം പെരുമാറ്റം കാരണം അവര്‍ക്ക് ഭയം തോന്നുന്ന അവസ്ഥ ഉണ്ടാകരുതെന്നും, ഈയിടെയായി ഇന്ത്യക്കാര്‍ക്ക് നേരെ നടന്ന വംശീയ ആക്രമണങ്ങളില്‍ അപലപിക്കുന്നതായും മാത്യൂസ് പറഞ്ഞു. നഴ്‌സുമാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.