ടിപ്പ് ഇന്ത്യൻ ക്ലോൻമെൽ സമ്മർഫെസ്റ്റ് 2025: ഐറിഷ് പങ്കാളിത്തോടുകൂടി നേടിയ ചരിത്ര വിജയം

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തിരുമുറുക്കമായി ഓഗസ്റ്റ് 2-ന് നടന്ന ടിപ്പ് ഇന്ത്യൻ ക്ലോൻമെൽ സമ്മർഫെസ്റ്റ് 2025 വമ്പൻ വിജയമായി. കല, കായികം, രുചി, സംഗീതം – എല്ലാം ഒത്തുചേർന്ന മഹോത്സവമായി പരിപാടി മാറി. ഈ സമ്മർഫെസ്റ്റിന്‍റെ പ്രത്യേകത, 1000-ത്തിലധികം ഐറിഷ് പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയതാണ്. ഇത് ഐറിഷ് പങ്കാളിത്തം ഏറ്റവും കൂടുതലായ ആദ്യത്തെ ഇന്ത്യൻ സമ്മർഫെസ്റ്റ് എന്ന ചരിത്ര നേട്ടമായി മാറി. മലയാളികളും ഐറിഷുകാരും ഒരുപോലെ പങ്കെടുത്ത ഈ മഹോത്സവത്തെക്കുറിച്ച് പലരും, ഇതുവരെ അയർലണ്ടിൽ നടന്ന സമ്മർഫെസ്റ്റുകളിൽ ഏറ്റവുമധികം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു.

വിശിഷ്ടാതിഥിയായ പദ്മശ്രീ ഐ.എം. വിജയൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്ക് ഓഫ് നിർവഹിക്കുകയും, ടഗ് ഓഫ് വാറിന് പതാക വീശി തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് ക്ലോൻമെൽ മേയറിനൊപ്പം ദീപം കൊളുത്തി സമ്മർഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

വേദിയിലുടനീളം നിരന്നു നിന്ന ഫുഡ് കോർട്ടുകൾ സന്ദർശകർക്ക് വിഭവ സമൃദ്ധമായ രുചികളുടെ ലോകം സമ്മാനിച്ചു. കുട്ടികൾക്കായി ഒരുക്കിയ കാർണിവൽ റൈഡുകൾ ദിനം മുഴുവൻ അവരെ ആവേശപ്പെടുത്തുന്നതായിരുന്നു.

മേളയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു ഐറിഷ് സംഗീതാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട ബിഗ് ജനറേറ്റർ ബാൻഡിന്റെ ലൈവ് പരിപാടി. അയർലണ്ട് ചാമ്പ്യന്മാരായ ടിപ്പററി ഹർളിംഗ് താരങ്ങൾക്ക് ആദരവുകൾ അർപ്പിച്ച വേള, കായിക സൗഹൃദത്തിന്റെയും സംസ്കാരിക ഐക്യത്തിന്റെയും പ്രതീകമായി.

വൈകുന്നേരം വേദി പ്രകാശിതമായത് ഗായിക റിമി ടോമിയുടെ ഊർജ്ജം നിറഞ്ഞ പെർഫോർമൻസിലൂടെയായിരുന്നു. കൂടെ ഗായകർ ശ്രീനാഥും കൗശിക്കും ചേർന്ന് അവതരിപ്പിച്ച തട്ടുപൊളിപ്പൻ ഗാനമേള പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു എന്നുമാത്രമല്ല, കാർണിവൽ മൈതാനം കേരളനാടിന്റെ ഉത്സവപ്രതീതി ഉളവാക്കുന്ന ജനത്തിരക്കിന്‌ സാക്ഷ്യം വഹിച്ചു.

മേളയുടെ അവസാന ഘട്ടം വേറൊരു തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു – അയർലണ്ടിൽ ആദ്യമായി ഒരു ഇന്ത്യൻ സമ്മർ ഫെസ്റ്റിൽ സംഘടിപ്പിച്ച അതിഗംഭീരമായ ഫയർവർക്സ് ഷോ. ആകാശം നിറഞ്ഞ നിറപ്പടർപ്പിനൊപ്പം ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കലിന്റെ “മാന്ത്രിക സംഗീതം” വേദിയെ മറ്റൊരു മായിക ലോകമാക്കി മാറ്റി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറിയിരുന്നു.

Share this news

Leave a Reply