ഐറിഷ് റവന്യൂവിന്റെ മയക്കുമരുന്ന് വേട്ടയ്ക്ക് കരുത്താകാൻ പുതിയ കപ്പൽ RCC Cosaint കോർക്ക് തീരത്തെത്തി

അയര്‍ലണ്ടിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തിന് തടയിടാന്‍ റവന്യൂ കസ്റ്റംസിന് കരുത്തായി പുതിയ കപ്പല്‍. 9 മില്യണ്‍ യൂറോ ചിലവില്‍ നിര്‍മ്മിച്ച് RCC Cosaint എന്ന് പേര് നല്‍കിയിരിക്കുന്ന കപ്പല്‍ ഓഗസ്റ്റ് 3-നാണ് കോര്‍ക്കില്‍ എത്തിച്ചത്. നിലവില്‍ കപ്പലില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൂ അംഗങ്ങള്‍ പരിശീലനം നടത്തിവരികയാണ്.

ഐറിഷ് സര്‍ക്കാരിന് പുറമെ European Anti-Fraud Office ആയ OLAF-ഉം ചേര്‍ന്നാണ് കപ്പലിന്റെ ചെലവ് വഹിച്ചത്. സ്‌പെയിനിലെ AuxNaval ആണ് നിര്‍മ്മാതാക്കള്‍. 750 നോട്ടിക്കല്‍ മൈല്‍ വരെ റേഞ്ചും, 18 നോട്ട് വരെ വേഗവും നല്‍കുന്ന ഇരട്ട എഞ്ചിനാണ് കപ്പല്‍ ഉപയോഗിക്കുന്നത്. നിരീക്ഷണം ശക്തമാക്കാനായി ഇതില്‍ നിന്നും ഡ്രോണുകളും വിക്ഷേപിക്കാവുന്നതാണ്.

നിലവില്‍ RCC Suirbhéir, RCC Faire എന്നീ കപ്പലുകളാണ് മയക്കമുമരുന്ന് വേട്ടയ്ക്കായി റവന്യൂ ഉപയോഗിച്ച് വരുന്നത്. അയര്‍ലണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കമുരുന്ന് വേട്ടയായ കഴിഞ്ഞ വര്‍ഷത്തെ 157 മില്യണ്‍ കൊക്കെയ്ന്‍ പിടിച്ചെടുക്കലില്‍ പ്രധാന പങ്കുവഹിച്ചത് റവന്യൂവിന്റെ ഈ കപ്പലുകളായിരുന്നു. MV Matthew എന്ന കപ്പലിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്.

RCC Suirbhéir-ന് പകരമായി വരും മാസങ്ങളില്‍ പുതിയ കപ്പല്‍ ഉപയോഗിക്കുമെന്ന് റവന്യൂ വക്താവ് പറഞ്ഞു. RCC Faire-ന് ഒപ്പം റവന്യൂവിന്റെ മയക്കുമരുന്ന് വേട്ടയ്ക്ക് RCC Cosaint കരുത്താകും. അയര്‍ലണ്ടിന്റെ 3,173 കിലോമീറ്റര്‍ നീളുന്ന സമുദ്രതീരത്ത് ഇവ പട്രോളിങ് നടത്തും.

റവന്യൂവിന്റെ കപ്പലുകളിലേയ്ക്ക് ക്രൂ അംഗങ്ങളെ തിരഞ്ഞെടുക്കാനായി കഴിഞ്ഞ മാസങ്ങളില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റുകളും നടന്നിരുന്നു.

Share this news

Leave a Reply