ഫ്ലോറിസ് ചുഴലിക്കാറ്റിൽ പെട്ട് സ്കോട്‌ലൻഡിൽ പത്തനംതിട്ട സ്വദേശിനി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്.
നഴ്സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പം എത്തിയതായിരുന്നു ശോശാമ്മ. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം. എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റ്, ലോക കേരള സഭാംഗം കുര്യൻ ജേക്കബ് എന്നിവരുടെ സഹായത്തോടെ പുരോഗമിക്കുന്നു.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ.
മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.