വംശവെറി
നാടുംവീടും വിട്ടുപിരിഞ്ഞു പ്രവാസകൊടുമുടി കേറീഞാൻ
കടലും കരയും താണ്ടീട്ടിങ്ങൊരു നോക്കെത്താദൂരത്തെത്തി
നാളുകളായിട്ടയർലൻഡ് എന്നൊരു ദേശത്താണെന്നുടെ വാസം
പച്ചപ്പെങ്ങും കാണാൻകഴിയും അതിസുന്ദരമീ ചെറുരാജ്യം
കുടിയേറ്റക്കാർക്കെന്നും സ്വാഗതമേകിയ ദേശം അയർലണ്ട്
ലോകത്തിൻ പലഭാഗത്തുള്ളോർ സോദരരായി വസിച്ചിവിടെ
നാനാജാതി മതസ്ഥരുമിവിടെ ജീവിക്കുന്നു സ്വാതന്ത്രരതായ്
വംശീയതയുടെ ക്രൂരതയൊന്നും കണ്ടില്ലിവിടെ പണ്ടൊന്നും
ഇന്നിപ്പോൾ സ്ഥിതി മാറിമറിഞ്ഞു ആക്രമണം പതിവാകുന്നു
ആക്രമണങ്ങൾ നടത്തീടുന്നത് കൗമാരക്കാരാണിവിടെ
രക്ഷപെടുന്നീ അക്രമിസംഘം നിയമത്തിൻ പഴുതിൽകൂടി
ലഹരിക്കടിമകൾ ഇക്കൂട്ടർ എന്തും ചെയ്യാൻ മടിയില്ല
പോലീസിന്നും ഭീഷണിയാണീ കോമാളികൾ തന്നുടെ കൂട്ടം
ഇന്ത്യക്കാരേ ലക്ഷ്യം വച്ചുള്ളക്രമണം പെരുകീടുന്നു
ആക്രമണത്തിന് കാരണമൊന്നതിൽ അസൂയയുണ്ടത് കട്ടായം
കഠിനാധ്വാനം ചെയ്തിട്ടിവിടെ നേടീ പലതും ഇൻഡ്യാക്കാർ
വീടുകൾ വാങ്ങീ സ്വന്തംപേരിൽ സ്ഥിരമായിവിടെ വസിക്കാനായ്
വാങ്ങീ കൂടിയ കാറുകൾ പലരും കടകൾതുടങ്ങീ മറ്റുചിലർ
ഇൻഡ്യാക്കാരുടെ കുട്ടികളെന്നും മുന്നിൽ തന്നെ പഠനത്തിൽ
നമ്മുടെ ഭാഗത്തും ചിലതെറ്റുകൾ വന്നുഭവിച്ചെന്നതുസത്യം
ആഘോഷങ്ങൾ അതിരുകൾവിട്ടു അറുമാതിച്ചു ഒത്തിരിനാം
സെലിബ്രിറ്റികളെ എഴുന്നള്ളിച്ചു റോഡുകളെല്ലാം ബ്ലോക്കാക്കി
ഓണം ക്രിസ്മസ് ആഘോഷങ്ങൾ ഒച്ചപ്പാടിൻ പൂരമതായ്
മറ്റൊരുനാടിൻ സംസ്‌കാരം നാം മാറ്റിമറിച്ചതുപോലായി
അഭയാർത്ഥികളും വന്നിവിടൊത്തിരി പരിധികളെല്ലാം ലംഘിച്ച്
അവരിൽ പലരും ക്രിമിനലുകൾ ഭീഷണി തന്നെയീ നാടിനവർ
ഇവയെല്ലാം കണ്ടിട്ടിവിടുള്ളോർ അത്യന്തം വ്യാകുലരായി
കുടിയേറ്റത്തോടുള്ളമനസ്ഥിതി മാറി മറിഞ്ഞു പെട്ടെന്ന്
മാറണമൊത്തിരി നാമിനിമേൽ ചിന്തിച്ചീടുക നല്ലതുപോൽ
നല്ലൊരു ജീവിത മോഹവുമായ് കുടിയേറീ നാമിവിടൊരുനാൾ
നമ്മുടെ ലക്ഷ്യം അതുമാത്രം അതിനായ് മുന്നേറീടുകനാം
ഈനാടിനുനാം നൽകും സേവനം അത്യന്തം ശ്രേഷ്ടം തന്നെ
ആരോഗ്യം ഐറ്റി എന്നിവയുടെ നട്ടെല്ലാണിവിഡിൻഡ്യാക്കാർ
ആഘോഷങ്ങൾ ചുരുക്കുകനാം ഒച്ചപ്പാടുകുറച്ചിടുക
മറ്റൊരുനാടിൻ സംസ്കാരം മാറ്റിമറിക്കാൻ നോക്കേണ്ടാ
ഈനാടിൻ സംസ്കാരവുമായ് ഇഴുകിച്ചേർന്ന് വസിച്ചിടുക
ഇതിനോടൊപ്പം ചേർത്തൊരുകാര്യം പറയാതൊട്ടും തരമില്ല
വലിയൊരുകൂട്ടർ നാട്ടീന്നിപ്പോൾ പരിഹാസവുമായെത്തുന്നു
ഇങ്ങനെയൊക്കെ ഭവിച്ചതിലിപ്പോൾ ആഹ്‌ളാദിക്കുന്നിക്കൂട്ടർ
വിദേശ സ്വപ്നം പൂവണിയാത്തതിൻ അസൂയയാണിക്കൂട്ടർക്ക്
ഓർക്കുക നിങ്ങൾ ഒരുകാര്യം മറവികൾ ഒട്ടും നന്നല്ല
കോവിഡുവന്നുവലഞ്ഞപ്പോൾ വെള്ളപ്പൊക്കം വന്നപ്പോൾ
പ്രിതിസന്ധിയിലായ് നാടാകെ കരകയറാൻ കഴിയാത്ത വിധം
ഇവയെല്ലാം തരണം ചെയ്തു പ്രവാസിയേകിയ പിന്തുണയാൽ
നാടിൻ സമ്പത്ഘടനയുടെ നട്ടെല്ലാണവരെന്നാളും
ലോകത്തെവിടെ പോയാലും നാടിൻ സ്വപ്നമവർക്കെന്നും
പ്രിത്യുപകാരം ചെയ്യേണ്ട മതിയാക്കീടുക പരിഹാസം
തമ്മിൽ തല്ലും അക്രമവും നാട്ടിലുമുണ്ടെന്നോർത്തിടുക
-പ്രസാദ് കെ. ഐസക്