ഒരുവശത്ത്, യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നായ ടൈഡ് പർവ്വതം ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നു. മറുവശത്ത്, കറുത്ത മണൽത്തരികളുള്ള തീരങ്ങളെ തഴുകി അറ്റ്ലാന്റിക് സമുദ്രം ശാന്തമായി ഒഴുകുന്നു. സൂര്യൻ കനിഞ്ഞനുഗ്രഹിച്ച, സ്പെയിനിന്റെ കാനറി ദ്വീപുകളിലൊന്നായ ടെനറിഫിന്റെ മണ്ണാണിത്. ഇവിടുത്തെ ഇളംകാറ്റിന് പോലും ഒരുതരം ലാളനയുണ്ട്. പക്ഷേ, ആ കറുത്ത മണൽത്തരികളുള്ള തീരത്തിരുന്ന് തിരമാലകളെ നോക്കുമ്പോൾ, എൻ്റെ ഉള്ളിൽ നിറയുന്നത് വെറുമൊരു അവധിക്കാലത്തിൻ്റെ സന്തോഷമായിരുന്നില്ല… ചുറ്റുമിരുന്ന് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങളിലേക്ക് ഞാൻ വെറുതെ നോക്കി. കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾക്കിപ്പുറം, പ്രവാസത്തിന്റെ മണ്ണിൽ ഒരുമിച്ച് നട്ടുനനച്ച ഈ സൗഹൃദത്തിന്റെ തണലിലായിരുന്നു ഞങ്ങളപ്പോൾ…
അതുകൊണ്ടുതന്നെ, അയർലൻഡിലെ തണുപ്പിൽ നിന്നും ടെനറിഫിലെ ഈ ഊഷ്മളതയിലേക്കുള്ള ദൂരമാറ്റം മാത്രമായിരുന്നില്ല ഈ യാത്ര. ചില പരീക്ഷണങ്ങളുടെ തീച്ചൂളയിൽ പതറിപ്പോകാതെ, കൂടുതൽ കരുത്തോടെ തിളങ്ങിയ ഒരു സൗഹൃദത്തിന്റെ വിജയാഘോഷം കൂടിയായിരുന്നു അത്……
വർഷം 2007. ഞാനും അയർലൻഡിൽ ഒരു പ്രവാസിയായി ജീവിതം തുടങ്ങിയ കാലം…..ഈ യാത്രയിൽ ചുറ്റും ബന്ധുക്കളും നാട്ടുകാരുമൊക്കെ ഉണ്ടാകുമെങ്കിലും, നമ്മുടെ അതേ ചിന്തകളും സാഹചര്യങ്ങളുമുള്ള ചിലരെ കണ്ടുമുട്ടുമ്പോഴാണ് ജീവിതത്തിന് ഒരു പ്രത്യേക ഊഷ്മളത കൈവരുന്നത്. ആ കണ്ടുമുട്ടലുകളാണ് ഈ മണ്ണിനെ നമുക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്….
അങ്ങനെയാണ് 2018-ന്റെ തുടക്കത്തിൽ ഞങ്ങൾ നാല് കുടുംബങ്ങൾ ഒരു സൗഹൃദവലയമായി മാറുന്നത്. എട്ട് മുതിർന്നവരും ഏഴ് കുട്ടികളും. ഞങ്ങളുടെ ആ കൂട്ടായ്മയുടെ തുടക്കം അയർലൻഡിലെ വടക്കേയറ്റത്തുള്ള ഡൊണഗലിന്റെ പരുക്കൻ സൗന്ദര്യത്തിലേക്കുള്ള ഒരു യാത്രയോടെയായിരുന്നു. ആ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, അടുത്ത ലക്ഷ്യം അയർലൻഡിന്റെ മറ്റൊരു കോണിലുള്ള, സ്വപ്നതുല്യമായ കൗണ്ടി കെറിയാണെന്ന് ഞങ്ങൾ ഉറപ്പിച്ചു. ആ വലിയ യാത്ര മുന്നിൽ കണ്ടുകൊണ്ട് ഞങ്ങളുടെ കൂട്ടായ്മയ്ക്ക് ഒരു പേരുമിട്ടു: “മിഷൻ കെറി”.
രസകരമായ കാര്യമെന്തെന്നാൽ, വർഷങ്ങൾക്കിപ്പുറം “മിഷൻ കെറി” എന്ന പേരിൽ ഞങ്ങൾ അയർലൻഡിനകത്തും പുറത്തും ഒരുപാട് ദൂരം യാത്ര ചെയ്തു കഴിഞ്ഞു, പക്ഷേ ആ പേരിന് കാരണമായ കെറി യാത്ര മാത്രം ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു! എങ്കിലും, ആ പേര് ഞങ്ങളുടെ ഒരുമയുടെയും ഒരിക്കലും അവസാനിക്കാത്ത യാത്രാമോഹങ്ങളുടെയും പ്രതീകമായി മാറി….
അന്നുമുതൽ മിക്ക വർഷങ്ങളിലും ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോയി. ഓരോ യാത്രയും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. കുട്ടികൾ ഒരുമിച്ച് വളർന്നു, ഞങ്ങൾ പരസ്പരം സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു. പ്രവാസലോകത്ത് രക്തബന്ധത്തിനപ്പുറം നമുക്ക് താങ്ങും തണലുമാകാൻ കഴിയുന്ന ‘Chosen Family’ ആയി “മിഷൻ കെറി” മാറി…
ഓരോ സൗഹൃദക്കൂട്ടായ്മയും പലതരം സ്വഭാവങ്ങളുള്ള മനുഷ്യർ ചേർന്നൊരു കൊളാഷ് പോലെയാണ്. ഞങ്ങളുടെ ‘മിഷൻ കെറി’യും വ്യത്യസ്തമല്ല….
ഏത് വലിയ പ്രതിസന്ധി വന്നാലും, ശാന്തമായി കാര്യങ്ങൾ അപഗ്രഥിച്ച് ഒരു തീരുമാനത്തിലെത്തിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ ഒരു കാരണവരുണ്ട്. ഞങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആ വാക്കിന് കാതോർക്കും.
ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും രുചികരമായ ഭക്ഷണം ഉണ്ടാക്കി ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു ‘മാസ്റ്റർ ഷെഫും’ ഉണ്ട് ഈ കൂട്ടത്തിൽ. ആ ഭക്ഷണത്തിന്റെ രുചിയാണ് പലപ്പോഴും ഞങ്ങളുടെ ഓർമ്മകളുടെയും രുചി.
ഇത് മാത്രമല്ല, എന്ത് ചെറിയ കാര്യത്തിനും തമാശ കണ്ടെത്തി സംഘത്തിന് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു ‘കോമഡി കിംഗ്’ ഉണ്ട്
ഈ സംഘത്തിൽ…
പിന്നെ , ഓരോ നിമിഷവും എങ്ങനെ ആഘോഷമാക്കാമെന്ന് കണ്ടെത്തുന്ന ഒരു ‘ഫൺ മിനിസ്റ്ററും’ ചേരുമ്പോഴാണ് ഞങ്ങളുടെ ഒത്തുചേരലുകൾ ഉത്സവമാകുന്നത്.
ഒരാൾ യാത്രയുടെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന ‘പ്ലാനർ’ ആണെക്കിൽ മറ്റൊരാൾ ആ പ്ലാനുകൾ ഒട്ടും പാളിച്ചകളില്ലാതെ ഓരോ ചെറിയ കാര്യങ്ങളും വിട്ടുപോകാതെ ഓർമ്മിപ്പിക്കുന്ന ഒരു ‘ഡീറ്റെയൽ മാനേജറും’.
പിന്നെ, “വാ, നമുക്കിത് ചെയ്യാം” എന്ന് പറഞ്ഞ് എന്തിനും മുന്നിട്ടിറങ്ങുന്ന ഒരു ‘എനർജി ബൂസ്റ്ററും’ ഈ സംഘത്തിന്റെ ഭാഗമാണ്…..
ഇങ്ങനെയൊക്കെ ബഹളങ്ങളുണ്ടാകുമ്പോൾ, നിശ്ശബ്ദമായ ഒരു നോട്ടം കൊണ്ടോ ചെറിയൊരു പുഞ്ചിരികൊണ്ടോ ആ പിരിമുറുക്കം മുഴുവൻ ഇല്ലാതാക്കാൻ കഴിവുള്ള ഒരാളുമുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ….
ഈ എട്ടുപേരും ഒന്നിച്ചിരിക്കുമ്പോഴാണ് ശരിക്കുള്ള ബഹളം. പഴയ കഥകളും തമാശകളും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിക്കും. ചിലപ്പോൾ ചിരിച്ച് ചിരിച്ച് വയറുവേദിക്കുന്ന അവസ്ഥയുണ്ടാകും. ശ്വാസം കിട്ടാതെ, കണ്ണിൽ നിന്ന് വെള്ളം വരുന്ന നിമിഷങ്ങൾ……ജീവിതത്തിൽ നമുക്ക് ഇതുപോലെയുള്ള മനുഷ്യരെയാണ് ആവശ്യം. നമ്മുടെ എല്ലാ ഗൗരവത്തിന്റെയും തിരക്കിന്റെയും ഭാരമിറക്കി വെച്ച്, ഒരു കുട്ടിയെപ്പോലെ ചിരിക്കാൻ ഒരിടം. ആ ഇടമാണ് “മിഷൻ കെറി” ഞങ്ങൾക്ക് ഓരോരുത്തർക്കും.
എന്നാൽ എപ്പോഴോ ആ സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്ന സംസാരങ്ങൾ കുറഞ്ഞു… ആ പഴയ ഒച്ചപ്പാടുകളില്ലാത്ത ദിവസങ്ങൾ…..ചില തെറ്റിദ്ധാരണകളും, അഭിപ്രായങ്ങളിലെ നേർത്ത മാറ്റങ്ങളും പുതിയ യാത്രകളെക്കുറിച്ചുള്ള ചർച്ചകൾ ഇല്ലാതായി. സന്ദേശങ്ങൾ കൊണ്ട് എപ്പോഴും ബഹളമയമായിരുന്ന ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, അക്ഷരങ്ങൾക്കിടയിലുള്ള അകലം കൂടിവന്നു. ഫോൺ വിളികളിലെ ചിരികൾക്ക് പകരം ഒരുതരം നിശ്ശബ്ദത നിറഞ്ഞു….ഞങ്ങൾ ഒരുമിച്ച് ചിരിക്കാൻ മറന്നുപോയ കുറച്ച് നാളുകളായിരുന്നു അത്.….
ചിലപ്പോൾ ഒരു വസ്തുവിൻ്റെ വിലയറിയാൻ അത് കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോവണമെന്നു പറയാറുണ്ട്. ഞങ്ങളുടെ കാര്യത്തിലും അത് സത്യമായി. ആ അകൽച്ചയും നിശ്ശബ്ദതയുമാണ് ഈ സൗഹൃദം ഞങ്ങളുടെ ജീവിതത്തിൽ എത്രമാത്രം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് കാട്ടിത്തന്നത്. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. ഒടുവിൽ, ആ മൗനം ഭേദിച്ച് ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു. അതൊരു കുറ്റപ്പെടുത്തലിന്റെ വേദിയായിരുന്നില്ല, മറിച്ച് എല്ലാം തുറന്നു സംസാരിക്കാനുള്ള ഒരിടമായിരുന്നു. ഓരോരുത്തർക്കും പറയാനുള്ളത് മറ്റുള്ളവർ ക്ഷമയോടെ കേട്ടു. ആരാണ് ശരിയെന്നോ തെറ്റെന്നോ ഉള്ള തർക്കങ്ങൾ അലിഞ്ഞില്ലാതായി. പകരം, ഈ സൗഹൃദം ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന തിരിച്ചറിവ് മാത്രം ബാക്കിയായി. പൊള്ളിയടർന്ന ബന്ധങ്ങളെ സ്നേഹം കൊണ്ട് വിളക്കിച്ചേർക്കാൻ കഴിയുമെന്ന് ഞങ്ങൾ പഠിച്ചു….
എന്താണ് ഒരു നല്ല സൗഹൃദത്തിന്റെ യഥാർത്ഥ അളവുകോൽ? ഒരുമിച്ച് ചിരിച്ച നിമിഷങ്ങളുടെ എണ്ണമാണോ? അതോ ഒരുമിച്ച് പങ്കിട്ട സങ്കടങ്ങളുടെ കണക്കാണോ?
ഒരിക്കലും പിണങ്ങാതെ, എപ്പോഴും ഒരേ അഭിപ്രായത്തോടെ മുന്നോട്ട് പോകുന്നതിലാണോ ഒരു സൗഹൃദം വലുതാക്കുന്നത്? അതോ, എത്ര വലിയ അഭിപ്രായ വ്യത്യാസമുണ്ടായാലും, ഒരാളുടെ കുറവുകളെയും കുറ്റപ്പെടുത്താതെ ചേർത്തുപിടിക്കുന്നതിലാണോ?
സത്യത്തിൽ, ഈ ചോദ്യങ്ങൾക്കെല്ലാം അപ്പുറമാണ് സൗഹൃദം. ഓരോരുത്തർക്കും അവരവരുടേതായ അനുഭവങ്ങളുണ്ട്, അവരുടേതായ ഉത്തരങ്ങളുണ്ട്. ആ നിർവചനം നിങ്ങളുടെ ചിന്തകൾക്ക് വിട്ടുകൊടുക്കുന്നു…
എന്നാൽ എൻ്റെ അനുഭവത്തിൽ… വീഴ്ചകളുണ്ടാകുമ്പോൾ താങ്ങായും, വഴക്കുണ്ടാകുമ്പോൾ വിവേകമായും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകും അത്തരം ചില മനുഷ്യർ. നമ്മുടെ സന്തോഷങ്ങളിൽ ആത്മാർത്ഥമായി പങ്കുചേരുന്ന, എന്നാൽ നമ്മുടെ തകർച്ചകളിൽ നമ്മളെക്കാൾ വേദനിക്കുന്നവർ. രക്തബന്ധം ഇല്ലെങ്കിലും, ആത്മാവ് കൊണ്ട് നമ്മളോട് ചേർത്തുവെച്ചവർ. അത്തരം സൗഹൃദങ്ങളെ തിരിച്ചറിയുകയും, ഏത് സാഹചര്യത്തിലും അവയെ മുറുകെപ്പിടിക്കുകയും ചെയ്യുന്നിടത്താണ് ജീവിതം മനോഹരമാകുന്നത്….
ടെനറിഫിൽ സൂര്യൻ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് താഴാനൊരുങ്ങുന്നു.
ആകാശത്ത് ഓറഞ്ചും, പിങ്കും, വയലറ്റും നിറങ്ങൾ ലയിച്ചുചേർന്ന് ഒരു വലിയ ക്യാൻവാസ്… ദൂരെ, ലാ ഗോമേര ദ്വീപിന്റെ നിഴൽരൂപം അവ്യക്തമായി കാണാം. പകൽ മുഴുവൻ ചൂടുപിടിച്ച കറുത്ത മണലിന് ഇപ്പോഴും ഒരു ഇളംചൂടുണ്ട്. തിരമാലകൾ ഒരു താരാട്ടുപാട്ടുപോലെ തീരത്തേക്ക് വന്ന് മടങ്ങുന്നു. കടൽത്തീരത്തെ ശാന്തതയിൽ നിന്നും ഒരു പടി കയറിയാൽ നമ്മൾ എത്തുന്നത് മറ്റൊരൂ ലോകത്തേക്കാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെക്കൊണ്ട് തെരുവുകൾ എപ്പോഴും സജീവം . വഴിയോരത്തെ റെസ്റ്റോറന്റുകളിൽ നിന്നും ഒഴുകിയെത്തുന്ന സംഗീതം, പല ഭാഷകളിലുള്ള സംസാരങ്ങൾ, സന്തോഷം നിറഞ്ഞ പൊട്ടിച്ചിരികൾ… എല്ലാം ചേർന്ന് ഒരു പ്രത്യേക അന്തരീക്ഷം.
സുവനീറുകൾ വിൽക്കുന്ന കടകൾ, ബ്രാൻഡഡ് ഷോപ്പുകൾ, വഴിയോര കച്ചവടക്കാർ, തെരുവ് കലാകാരന്മാർ എന്നിവരെല്ലാം ആ തെരുവിന്റെ ഭാഗമാണ്. കടൽ വിഭവങ്ങളുടെയും, പിസയുടെയും, പലതരം മസാലകളുടെയും ഗന്ധം ആ തെരുവുകളിൽ നിറഞ്ഞുനിൽക്കും. സന്ധ്യയാകുന്നതോടെ, നിയോൺ വിളക്കുകളുടെ വെളിച്ചത്തിൽ ആ തെരുവുകൾക്ക് പുതിയൊരു മുഖം വരും. കുട്ടികളും മുതിർന്നവരും ഒരുപോലെ ആ തെരുവിലെ കാഴ്ചകളിലും ബഹളങ്ങളിലും ലയിച്ചുചേരുന്നു.
ആ ബഹളങ്ങൾക്കിടയിലൂടെ, ഞങ്ങൾ പതിനഞ്ചുപേരും ഒരുമിച്ച് നടക്കുമ്പോൾ, ആ വലിയ ആൾക്കൂട്ടത്തിൽ ഒരു ചെറിയ തുരുത്തായിരുന്നു…..
ഇനിയും ഒരുപാട് കാണാൻ ബാക്കിവെച്ചാണ് ഞങ്ങൾ ടെനറിഫിൽ നിന്നും അയർലൻഡിലേക്ക് മടങ്ങുന്നത്. ടൈഡ് പർവ്വതത്തിന് മുകളിലെ നക്ഷത്രങ്ങളെ കാണാനും, പുരാതന ഗ്രാമങ്ങളിലെ കഥകൾ കേൾക്കാനും, ആ കറുത്ത മണൽത്തീരങ്ങളിൽ ഞങ്ങളുടെ ചിരികൾ നിറയ്ക്കാനും വീണ്ടുമെത്തും… അതുകൊണ്ട്, ഇതൊരു വിടവാങ്ങലല്ല, മറിച്ച് ഒരു വാക്കാണ്. കൂടുതൽ കരുത്തോടെ, കൂടുതൽ സ്നേഹത്തോടെ, കൂടുതൽ ചിരികളുമായി ഞങ്ങൾ മടങ്ങിവരും. ഉറപ്പ്…!