അയർലണ്ടിൽ പുതിയ കോവിഡ് വകഭേദം: വ്യാപനം വെക്സ്ഫോർഡിലെ സംഗീത പരിപാടിക്ക് പിന്നാലെ രോഗവ്യാപനം; ജാഗ്രത

കോവിഡ് ബാധയെത്തുടര്‍ന്ന് Wexford General Hospital-ല്‍ അതീവ ജാഗ്രത. ഓഗസ്റ്റ് 3 മുതല്‍ 10 വരെ നീണ്ട Fleadh Cheoil സംഗീതപരിപാടിക്ക് ശേഷമാണ് കോവിഡ് വ്യാപനമുണ്ടായത്. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സംഗീതപരിപാടിക്ക് ഇടയിലും, ശേഷവും അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കോവിഡ് ബാധയെത്തുടര്‍ന്ന് നിരവധി പേരെ Wexford General Hospital-ലെ ചില വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ആശുപത്രിയിലെ മറ്റ് പ്രവര്‍ത്തനങ്ങളെ കോവിഡ് വ്യാപനം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നിരുന്നാലും കോവിഡ് സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ആശുപത്രിയിലെ ചിലയിടങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

ഓഗസ്റ്റ് 14 രാവിലെ വരെയുള്ള കണക്കനുസരിച്ച് 210 പേരാണ് ഈ ആശുപത്രിയില്‍ കോവിഡ് ചികിത്സ തേടിയത്. ഇതില്‍ ഒമ്പത് പേര്‍ ഐസിയുവിലാണ്.

പുതുതായി രൂപപ്പെട്ട XFG അഥവാ Stratus എന്നറിയപ്പെടുന്ന കോവിഡ് വകഭേദമാണ് ഇവിടെയുള്ള മിക്ക കോവിഡ് കേസുകള്‍ക്കും കാരണമെന്നാണ് നിഗമനം. ഈ വകഭേദത്തില്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ അത്ര കാര്യമായി അനുഭവപ്പെടണമെന്നില്ല. സാധാരണ കോവിഡ് രോഗലക്ഷണങ്ങള്‍ കാണുന്നതിന് മുന്നോടിയായി ശബ്ദം പരുക്കനായി മാറുന്നതാണ് Stratus വകഭേദത്തിന്റെ പ്രധാന രോഗലക്ഷണം. തൊണ്ടയില്‍ ചൊറിച്ചില്‍ പോലെയും അനുഭവപ്പെടാം. ഇതിനൊപ്പം താഴെ പറയുന്ന രോഗലക്ഷണങ്ങള്‍ കൂടി കോവിഡിന്റേതാകാമെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും HSE അറിയിച്ചു.

രോഗലക്ഷണങ്ങള്‍:

– പനി
– വരണ്ട ചുമ
– ക്ഷീണം
– മണവും രുചിയും നഷ്ടമാകല്‍
– മൂക്കൊലിപ്പ്/ മൂക്കടപ്പ്
– കണ്ണുകള്‍ ചുവക്കുക
– തൊണ്ടവേദന
– തലവേദന
– മസില്‍ വേദന/ സന്ധി വേദന
– തൊലിയില്‍ ചുവന്ന പാടുകള്‍
– ഓക്കാനം/ ഛര്‍ദ്ദി
– വയറിളക്കം
– വിറയല്‍
– തലകറക്കം

ഇവയ്ക്ക് പുറമെ രോഗം ഗുരുതരമായാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ആശയക്കുഴപ്പം, നെഞ്ചില്‍ വേദന അല്ലെങ്കില്‍ കനം അനുഭവപ്പെടുക, ശക്തമായ പനി എന്നിവയും ഉണ്ടാകാം. എല്ലാ രോഗലക്ഷണങ്ങളും ഒരാളില്‍ ഉണ്ടാകണമെന്നുമില്ല. ഈ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അവ മാറിയതിന് 48 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാവൂ. ആവശ്യമെങ്കില്‍ വൈദ്യസഹായവും തേടുക. മറ്റുള്ളവരുമായി അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുകയും വേണം. കുഞ്ഞുങ്ങളില്‍ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുക.

Share this news

Leave a Reply