അയർലണ്ടിൽ ലൈംഗിക അക്രമങ്ങൾ ഗാർഡയ്ക്ക് റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിച്ചു. 2024-ലെ ആദ്യ ആറു മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറു മാസങ്ങളിൽ ഗാർഡയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗിക പീഡനങ്ങൾ 4 ശതമാനവും, ലൈംഗിക അതിക്രമങ്ങൾ 7 ശതമാനവും വർദ്ധിച്ചതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വയ്ക്കുക, അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവ 2024-ലെ ആദ്യ ആറു മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറു മാസങ്ങളിൽ ഗാർഡയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത്തിൽ 16% കുറവ് സംഭവിച്ചിട്ടുണ്ട്.
2025 ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ ഗാർഡ 37,000 അറസ്റ്റുകൾ നടത്തുകയും, 67,000 ക്രിമിനൽ ചാർജുകൾ ചുമത്തുകയും, 100,000 സമൻസുകൾ അയക്കുകയും ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങളിൽ തീവെപ്പ് 20% വർദ്ധിച്ചപ്പോൾ, തീവെപ്പ് ഒഴികെ ഉള്ള നാശനഷ്ടം സൃഷ്ടിക്കൽ 14% കുറഞ്ഞു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം പൊതു സ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കൽ 8% വർദ്ധിച്ചു.
ആയുധം കൈവശം വയ്ക്കുക എന്ന കുറ്റം 2 ശതമാനവും, വെടിവെപ്പ് 39 ശതമാനവും വർദ്ധിച്ചു. മയക്കുമരുന്ന് കൈവശം വയ്ക്കൽ, വിതരണം എന്നിവ 10 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.
തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് എന്നിവ 2025-ൽ കുതിച്ചുയർന്നതായും റിപ്പോർട്ട് പറയുന്നു. 2024-ലെ ആദ്യ ആറു മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ അത്തരം തട്ടിപ്പുകൾ 73% ആണ് വർദ്ധിച്ചത്. വ്യാജരേഖ ചമയ്ക്കൽ (200%), കബളിപ്പിക്കൽ (178%), ഷോപ്പിംഗ്, ഓൺലൈൻ ലേലം തട്ടിപ്പുകൾ (166%), അനധികൃതമായി പണം കടം കൊടുക്കൽ (82%), വ്യാജ വ്യാപാരി ചമയൽ (57%), താമസ തട്ടിപ്പ് (22%), അക്കൗണ്ട് തട്ടിപ്പ് (18%) എന്നിങ്ങനെ ഉള്ള കുറ്റകൃത്യങ്ങളെല്ലാം പെരുകിയിട്ടുണ്ട്.
മറുവശത്ത് കള്ള നോട്ട് കേസുകൾ 88 ശതമാനവും, ഇൻഷുറൻസ് തട്ടിപ്പ് 45 ശതമാനവും കുറഞ്ഞു. ആളുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളോ, പണമോ മോഷ്ടിക്കുന്നതും, കവർച്ച ചെയ്യുന്നതും 24 ശതമാനവും, വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ 23 ശതമാനവും കുറഞ്ഞിട്ടുണ്ട്. വീട് കയറി കൊള്ളയും 13% കുറഞ്ഞു.