അയര്‍ലണ്ടിലെ ഇന്ത്യക്കാരോട് ചായക്കപ്പിലും വംശീയത. ഡബ്ലിനിലെ സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ നിന്നും കാപ്പി ഓര്‍ഡര്‍ ചെയ്തപ്പോഴുള്ള ദുരനുഭവമാണ് യുക്തി അറോറ എന്ന ഇന്ത്യന്‍ വംശജ സമൂഹമാദ്ധ്യമായ ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ഡബ്ലിനിലെ O’Connel Srreet-ലെ Portal-ന് സമീപമുള്ള സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ കാപ്പിക്ക് ഓര്‍ഡര്‍ ചെയ്ത ഇവര്‍പതിവ് പോലെ തന്റെ പേരും ഓര്‍ഡര്‍ ചോദിക്കുമ്പോള്‍ നല്‍കി. എന്നാല്‍ ബില്‍ അടിക്കുന്നയാള്‍ പേര് ഉറപ്പിക്കാനായി വീണ്ടും ചോദിക്കുകയോ, സ്‌പെല്ലിങ് ചോദിക്കുകയോ ഒന്നും ഉണ്ടായില്ല. ശേഷം കാപ്പി തയ്യാറായപ്പോള്‍ ഉറക്കെ ‘ഇന്ത്യ’ എന്ന് വിളിക്കുക മാത്രമാണ് ചെയ്തത്. ഉപഭോക്താവിന്റെ പേരിന് പകരം ‘INDIA’ എന്ന് ചായക്കപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫോട്ടോ അടക്കമാണ് യുക്തി അറോറ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതല്ലെന്നും, ഓര്‍ഡര്‍ എടുക്കുന്ന സ്ത്രീ മനപ്പൂര്‍വ്വം ഇങ്ങനെ പെരുമാറുകയും ചെയ്യുകയായിരുന്നു എന്നും യുക്തി വ്യക്തമാക്കുന്നു.
സാധാരണയായി ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഉപഭോക്താവിനോട് പേര് ചോദിച്ച്, അത് കപ്പില്‍ രേഖപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. ശേഷം ഓര്‍ഡര്‍ തയ്യാറാകുമ്പോള്‍ പേര് വിളിക്കും.
തന്റെ വ്യക്തിത്വം എന്നത് തന്റെ തൊലിനിറവും, താന്‍ ജനിച്ച രാജ്യവും മാത്രമായി മാറുന്നതിലെ വിഷമവും അവര്‍ പങ്കുവച്ചു. നിറയെ ആളുകള്‍ ഉള്ള കഫേയില്‍ വച്ച് തന്നെ ‘ഇന്ത്യ’ എന്ന് മാത്രമായി അഭിസംബോധന ചെയ്യുന്നത് വംശീയമായ വേര്‍തിരവാണെന്നും യുക്തി ചൂണ്ടിക്കാട്ടുന്നു.
ഈ സംഭവത്തിന് മുമ്പ് ഡബ്ലിനിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന താന്‍ അടക്കമുള്ളവരെ നോക്കി ഒരു സ്ത്രീ ‘അവര്‍ ഏഷ്യക്കാരാണ്’ എന്ന് പറയുകയും, പിന്നീട് ബസില്‍ കയറിയപ്പോള്‍ ഇതേ സ്ത്രീ ഇവരെ ‘scum’ എന്ന് അധിക്ഷേപിക്കുകയും ചെയ്തു എന്നും യുക്തി പറയുന്നു. ഇത്തരത്തില്‍ വംശീയമായ ആക്ഷേപങ്ങളും, അതിക്രമങ്ങളും നടക്കുമ്പോള്‍ ഈ രാജ്യത്ത് താന്‍ അന്യയാണ് എന്ന തോന്നല്‍ ഉണ്ടാകുകയും, താന്‍ ഇവിടെ സ്വീകരിക്കപ്പെടുന്നില്ല എന്ന തോന്നല്‍ ശക്തമാകുകയും ചെയ്യുന്നതായും പറഞ്ഞ യുക്തി അറോറ, കഴിഞ്ഞ വര്‍ഷം മാത്രം തനിക്ക് എന്നത്തേക്കാളിലുമുപരി വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നതായും കൂട്ടിച്ചേര്‍ക്കുന്നു.
സ്റ്റാര്‍ബക്കിസില്‍ നടന്ന സംഭവത്തില്‍ നിശബ്ദയായിരിക്കാന്‍ താന്‍ തയ്യാറല്ലെന്നും, അത് പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരാന്‍ മാത്രമേ ഇടയാക്കുകയുള്ളൂ എന്നും വ്യക്തമാക്കിയ യുക്തി, സ്റ്റാര്‍ബക്ക്‌സിനെ ടാഗ് ചെയ്ത് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തില്‍ വംശീയ വേര്‍തിരിവ് അനുഭവിക്കേണ്ടി വന്ന ഒരു വ്യക്തിക്ക് മുമ്പ് 12,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഡബ്ലിനിലെ ഒരു സ്റ്റാര്‍ബക്ക്‌സ് കഫേയോട് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ട കാര്യവും പോസ്റ്റില്‍ യുക്തി ചൂണ്ടിക്കാട്ടുന്നു. സംഭവം തെളിവ് സഹിതം വിശദീകരിച്ചുകൊണ്ട് ഇവര്‍ സ്റ്റാര്‍ബക്ക്‌സിന് ഇമെയില്‍ സന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
അയര്‍ലണ്ട് തന്റെയും വീടാണെന്നും, താനിവിടെയാണ് ജീവിക്കുന്നതും, ജോലി ചെയ്യുന്നതും, നികുതി അടയ്ക്കുന്നതെന്നും പോസ്റ്റില്‍ യുക്തി വ്യക്തമാക്കുന്നുണ്ട്. സമാനമായ വംശീയ അധിക്ഷേപങ്ങള്‍ നേരിടുന്നവരോട് അതിനെതിരെ പ്രതികരിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
യുക്തിയുടെ പോസ്റ്റ് വായിക്കാം: https://www.linkedin.com/posts/yuktiarora1_racism-ireland-inclusion-activity-7363852102575534080-WNaa?utm_source=li_share&utm_content=feedcontent&utm_medium=g_dt_web&utm_campaign=copy