അയർലണ്ടിൽ വാടക വീടുകൾ കുറഞ്ഞു, പക്ഷേ വാടക തട്ടിപ്പുകൾ കൂടി; തട്ടിപ്പുകാരിൽ നിന്നും രക്ഷപ്പെടാൻ ചെയ്യേണ്ടത്…

അയര്‍ലണ്ടില്‍ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, വാടക തട്ടിപ്പുകള്‍ ഉയരുന്നതായി ഗാര്‍ഡ. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളാണ് വാടക തട്ടിപ്പിന് ഇരയാകുന്നതെന്നും, അതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗാര്‍ഡ അറിയിച്ചു.

2025-ലെ ആദ്യ ആറ് മാസങ്ങളില്‍ വാടക തട്ടിപ്പുകള്‍ 22% ആണ് വര്‍ദ്ധിച്ചത്. ലീവിങ് സെര്‍ട്ട് ഫലങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നതോടെ ഇനി കോളജ് അഡിമിഷന്റെ കാലമാണ് വരാന്‍ പോകുന്നത് എന്നതുകൂടി മുന്നില്‍ കണ്ടാണ് ഗാര്‍ഡ, വാടക തട്ടിപ്പുകാരെ പറ്റി ഓര്‍മ്മിപ്പിക്കുന്നത്. കോളജ് അഡ്മിഷന്‍ ആരംഭിക്കുന്ന സമയത്താണ് വാടക തട്ടിപ്പുകള്‍ കുത്തനെ ഉയരാറുള്ളത്. 2024-ല്‍ ആകെ നടന്ന വാടക തട്ടിപ്പുകളില്‍ മൂന്നില്‍ ഒന്നും കോളജ് അഡ്മിഷന്‍ കാലമായ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു.

2025-ലെ ആദ്യ ആറ് മാസങ്ങളില്‍ ഏകദേശം 160 വാടക തട്ടിപ്പ് കേസുകളാണ് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തട്ടിപ്പിന് ഇരകളായവരുടെ കൈയില്‍ നിന്നും 385,000 യൂറോ നഷ്ടമാകുകയും ചെയ്തു. 2024-ല്‍ നടന്ന ആകെ വാടക തട്ടിപ്പുകള്‍ വഴി നഷ്ടമായത് 617,000 യൂറോ ആയിരുന്നു.

വാടകയ്ക്ക് താമസസ്ഥലം ലഭിക്കാനായി അഡ്വാന്‍സ് നല്‍കുകയും, എന്നാല്‍ അത് തട്ടിപ്പായിരുന്നു എന്ന് പിന്നീട് മനസിലാകുകയും ചെയ്യുന്ന രീതിയിലാണ് അയര്‍ലണ്ടില്‍ പൊതുവെ വാടക തട്ടിപ്പുകള്‍ നടക്കുന്നത്. പലപ്പോഴും വീട്ടുടമ എന്ന് പറയുന്നയാള്‍ രാജ്യത്തിന് പുറത്താണ് ഉള്ളതെന്നും, അതിനാല്‍ അഡ്വാന്‍സ് ലഭിച്ച ശേഷം മാത്രമേ വീട് കാണാന്‍ സാധിക്കുകയുള്ളൂ എന്നും പറഞ്ഞാണ് പണം വാങ്ങുന്നത്. ഇതിന് പുറമെ ഒരേ വീട് തന്നെ പലര്‍ക്കും കാണിച്ച് കൊടുത്ത ശേഷം ഇവരില്‍ നിന്നെല്ലാം അഡ്വാന്‍സ് വാങ്ങി മുങ്ങുന്നവരുമുണ്ട്.

തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം?

വാടക തട്ടിപ്പുകാരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി എന്ന് Garda National Economic Crime Bureau (GNECB) പറയുന്നു. തിരക്കേറിയ നഗരപ്രദേശങ്ങളില്‍ കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കില്‍ മിക്കപ്പോഴും അത് തട്ടിപ്പാകാനാണ് സാധ്യത. സോഷ്യല്‍ മീഡിയ വഴിയാണ് മിക്കപ്പോഴും ഇത്തരം പരസ്യങ്ങള്‍ കാണാറുള്ളത്.

നമ്മള്‍ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ അന്യരില്‍ നിന്നും വാടകവീട് വലിയ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നു എന്ന മെസേജോ, ഫോണ്‍ കോളോ വന്നാല്‍ അത് തട്ടിപ്പാകാനാണ് സാധ്യത. എത്രയും പെട്ടെന്ന് അഡ്വാന്‍സ് നല്‍കിയില്ലെങ്കില്‍ വീട് വേറെയാരെങ്കിലും എടുക്കും എന്ന തരത്തില്‍ നമ്മളെ സമ്മര്‍ദ്ദത്തിലാക്കാനും തട്ടിപ്പുകാര്‍ ശ്രമിച്ചേക്കും.

വാടക വീടുകളുടെ പരസ്യത്തില്‍ അധികം ഫോട്ടോസ് കൊടുക്കാതിരിക്കുക, അക്ഷരത്തെറ്റുകള്‍ ഉണ്ടാകുക എന്നിവയും തട്ടിപ്പിന്റെ സൂചനകളാണ്.

വീട് കാണിച്ചുതരാതെ പണം ആവശ്യപ്പെടുന്നത് തട്ടിപ്പ് രീതിയാണ്. എന്തെങ്കിലും കാരണം പറഞ്ഞ് നിങ്ങള്‍ക്ക് വീട് കാണിക്കാതിരിക്കുകയും, എഗ്രിമെന്റ് എഴുതുന്നതിന് മുമ്പുതന്നെ പണം ആവശ്യപ്പെടുകയും ചെയ്യുന്നത് തട്ടിപ്പുകാരുടെ സ്ഥിരം രീതിയാണ്. വീട് കാണാതെ ഒരിക്കലും എഗ്രിമെന്റിന് സമ്മതിക്കരുത്. നിങ്ങള്‍ക്ക് നല്‍കുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുകയും വേണം.

അഥവാ പണം നല്‍കുകയാണെങ്കില്‍ നേരിട്ട് നല്‍കാതെ അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുക. തട്ടിപ്പിന് ഇരയായാലും ഒരുപക്ഷേ അതിന് പിന്നിലുള്ളവരെ അക്കൗണ്ട് നോക്കി കണ്ടെത്താന്‍ സാധിച്ചേക്കും.

അംഗീകൃത എജന്‍സികള്‍ വഴിയോ, പരിചയമുള്ളവര്‍ വഴിയോ മാത്രം വാടകവീടുകള്‍ അന്വേഷിക്കുക എന്നതാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം. തട്ടിപ്പ് വെബ്‌സൈറ്റുകള്‍, ഫോണ്‍ കോളുകള്‍, മെസേജുകള്‍ എന്നിവയും ശ്രദ്ധിക്കുക.

അയര്‍ലണ്ടില്‍ വാടകക്കാര്‍ക്കുള്ള അവകാശങ്ങള്‍, ഇവിടുത്തെ നിയമങ്ങള്‍ എന്നിവ കൃത്യമായി മനസിലാക്കുന്നതും തട്ടിപ്പുകാരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. Residential Tenancies Board (RTB)-ല്‍ രജിസ്റ്റര്‍ ചെയ്ത വീടുകള്‍ മാത്രം വാടകയ്ക്ക് എടുക്കുന്നതും തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വലിയ രീതിയില്‍ സഹായിക്കും.

Share this news

Leave a Reply