അയർലണ്ടിലെ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങൾക്ക് പിന്നിൽ കൗമാരക്കാർ; കുടിയേറ്റക്കാർക്കെതിരെ തീവ്രവലതുപക്ഷവാദികൾ കുപ്രചരണങ്ങളും നടത്തുന്നു

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും കൗമാരക്കാരാണെന്ന് റിപ്പോര്‍ട്ട്. Institute of Antiracism and Black Studies ചീഫ് എക്‌സിക്യുട്ടീവും, National Plan Against Racism സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറുമായ Dr Ebun Joseph ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കും എതിരായി സോഷ്യല്‍ മീഡിയ വഴി വിദ്വേഷ കാംപെയിനുകള്‍ നടക്കുന്നുണ്ടെന്ന് ദി അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി മുതലാണ് ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം അയര്‍ലണ്ടില്‍ വംശീയാതിക്രമങ്ങള്‍ പുതിയ കാര്യമല്ലെന്നും, കറുത്ത വര്‍ഗ്ഗക്കാര്‍, റോമ വിഭാഗക്കാര്‍, ട്രാവലര്‍ വിഭാഗക്കാര്‍ എന്നിവരെല്ലാം വര്‍ഷങ്ങളായി ഇവിടെ വംശീയമായ വേര്‍തിരിവും, ആക്രമണവും നേരിടുന്നുണ്ടെന്ന് Dr Ebun Joseph പറയുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം സംഭവങ്ങള്‍ വളരെയേറെ വര്‍ദ്ധിച്ചിരിക്കുകയാണ്. കൗമാരക്കാരാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്നതാണ് ഭയപ്പെടുത്തുന്നതെന്നും Dr Joseph പറയുന്നു.

തൊലിയുടെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നതോ, വേറെ ഭാഷയോ ആക്‌സന്റോ ഉള്ളതോ, ഇതര രാജ്യക്കാരാണ് എന്നതോ കാരണം അവരെ ആക്രമിക്കുന്നതില്‍ തെറ്റില്ല എന്ന മനോഭാവത്തിലേയ്ക്ക് അയര്‍ലണ്ടിലെ കൗമാരക്കാര്‍ എത്തിയിരിക്കുന്നു എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് Dr Joseph ചൂണ്ടിക്കാട്ടുന്നത്. ഇത് ദേശീയതലത്തിലുള്ള പ്രശ്‌നമാണെന്നും അവര്‍ പറയുന്നു.

അയര്‍ലണ്ടിലെ പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യക്കാരോ?

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരാണ് എന്ന തരത്തില്‍ തീവ്രവലതുപക്ഷവാദികള്‍ വിദ്വേഷപ്രചരണം നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വികസനം കാര്യമായി എത്താത്ത പ്രദേശങ്ങളില്‍ ആണ് ഇത് കൂടുതലായും പ്രരിപ്പിക്കപ്പെടുന്നത്. യുകെയിലേത് പോലെ കുടിയേറ്റക്കാര്‍ ബോട്ടുകളില്‍ അയര്‍ലണ്ടിലെത്തുന്നു എന്ന തരത്തില്‍ തെറ്റായ വാദഗതികളും തീവ്രവലതുപക്ഷ വാദികള്‍ ഉയര്‍ത്തുന്നു.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ കൗമാരക്കാരാണെന്ന് മന്ത്രിയും

ഈയിടെയായി അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഭൂരിപക്ഷവും കൗമാരക്കാരാണെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗനും പറഞ്ഞു. കുറ്റവാളികളില്‍ മിക്കവരും 18 വയസ് തികയാത്തവരാണ് എന്നതിനാല്‍ അത് നീതിന്യായ വ്യവസ്ഥയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം Garda Juvenile Liaison Officers-നെ അറിയിച്ചതായും, ഇന്ത്യന്‍ സമൂഹത്തിന് വേണ്ട സഹായങ്ങള്‍ ഗാര്‍ഡ ചെയ്തുനല്‍കുമെന്നും മന്ത്രി പറയുന്നു. ഇതുവരെ ലഭിച്ച എല്ലാ പരാതികളിലും അന്വേഷണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്. ഈയിടെ ഭേദഗതി ചെയ്യപ്പെട്ട Criminal Justice (Hate Offences) Act 2024 പ്രകാരം വിദ്വേഷമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം മാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ വംശീയതയും, കുറ്റവാസനയും

രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം വംശീയവിദ്വേഷവും, കുറ്റവാസനയുമാണെന്ന് ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ്. പ്രായപൂര്‍ത്തിയാകാത്തവരാണ് മിക്കപ്പോഴും ആക്രമണത്തിന് പിന്നിലെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply