സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Braemoor Red Hen Ham & Cheese Chicken Kievs-ന്റെ ഏതാനും ബാച്ചുകള്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). 2026 ഒക്ടോബര്‍ എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള 500 ഗ്രാം പാക്കുകളിലാണ് സാല്‍മൊണല്ല സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.
ഇവ സ്റ്റോക്ക് ഉള്ളവര്‍ വില്‍പ്പന നടത്തരുതെന്നും, നേരത്തെ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ ഇവ കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ തിരികെ കടയില്‍ തന്നെ നല്‍കാവുന്നതാണ്.
സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ 12 മുതല്‍ 36 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ചിലരില്‍ ആറ് മണിക്കൂറിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍, മറ്റ് ചിലരില്‍ ഇത് മൂന്ന് ദിവസം വരെ നീളാം.
വയറിളക്കം, പനി, വയറുവേദന, തലവേദന മുതലാവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ശിശുക്കള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെ സാല്‍മൊണല്ല കാര്യമായി ബാധിച്ചേക്കാം. രോഗം അധികമായാല്‍ ഉടന്‍ ആശുപത്രിയിലെത്തുക.