അയർലണ്ടിലെ ആശുപതികളിൽ ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവ കാരണം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു

അയര്‍ലണ്ടില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ കാരണം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ 44 അക്യൂട്ട് ഹോസ്പിറ്റലുകളില്‍ National Office of Clinical Audit (NOCA) നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ആരോഗ്യരംഗം വലിയ രീതിയില്‍ മെച്ചപ്പെട്ടുവെന്നും, മരണകാരണമായേക്കാവുന്ന പല രോഗങ്ങളും ഉടനെ തന്നെ കൃത്യമായി ചികിത്സിക്കുക വഴി രോഗിയെ രക്ഷിക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014-ല്‍ ഹൃദയാഘാതം മൂലം ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണം 1,000-ല്‍ 58 എന്നതായിരുന്നുവെങ്കില്‍, 2023-ല്‍ ഇത് 1,000-ല്‍ 47 ആയി ചുരുങ്ങി. ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ മരിക്കുന്നവരുടെ എണ്ണം 1,000-ല്‍ 82 എന്നത് 72 ആയും കുറഞ്ഞിട്ടുണ്ട്.

അതേസമയം സ്‌ട്രോക്ക് സംബന്ധമായ അസുഖങ്ങളിലാണ് ഏറ്റവും നേട്ടം കൈവരിച്ചിരിക്കുന്നത്. തലയില്‍ രക്തം കട്ടിപിടിക്കുന്നതിനെ തുടര്‍ന്ന് (ischaemic stroke) ആശുപത്രിയില്‍ വച്ച് മരിക്കുന്നവരുടെ എണ്ണം 2014-നെ അപേക്ഷിച്ച് 42% ആണ് കുറഞ്ഞിരിക്കുന്നത്. സ്‌ട്രോക്ക് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും, രക്ഷപ്പെടുന്നവരുടെ എണ്ണവും വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. 2017 മുതല്‍ സ്‌ട്രോക്ക് കാരണമുള്ള മരണങ്ങള്‍ രാജ്യത്ത് കുറഞ്ഞുവരികയാണ്.

Chronic Obstructive Pulmonary Disease (COPD) എന്ന ശ്വാസകോശ അസുഖങ്ങള്‍ കാരണമുണ്ടാകുന്ന മരണങ്ങള്‍ കോവിഡ് കാലത്ത് വളരെയേറെ വര്‍ദ്ധിച്ചിരുന്നുവെങ്കിലും, നിലവില്‍ അവ കുറഞ്ഞിട്ടുണ്ട്.

ആശുപത്രിയിലെത്തിക്കുന്ന രോഗികള്‍ മരണപ്പെടുന്നത് 2019-ന് ശേഷം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് കാലത്ത് ഇത് വര്‍ദ്ധിച്ചിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സമയത്തിന് ആശുപത്രിയില്‍ എത്തിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതായാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Share this news

Leave a Reply