മുൻ GAA ഫുട്ബോൾ മാനേജരായ Jim Gavin-നെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി നിർദ്ദേശിച്ച് Fianna Fail നേതാവ് മീഹോൾ മാർട്ടിൻ

മുൻ GAA ഫുട്ബോൾ മാനേജരായ Jim Gavin- നെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി നിർദ്ദേശിച്ച് Fianna Fail പാർട്ടി നേതാവും, പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. താൻ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് Gavin ഭരണകക്ഷിയായ Fianna Fail- ന് കത്തെഴുതിയതായി ശനിയാഴ്ച വാർത്തകൾ പുറത്തു വന്നിരുന്നു.

Gavin ഏറെ മൂല്യങ്ങൾ ഉള്ള, പ്രസിഡന്റ്‌ സ്ഥാനത്തിന് യോഗ്യനായ ആളാണെന്നും, അസാധാരണ വ്യക്തിത്വവും , വൈദഗ്ദ്ധ്യവും ഉള്ള ആളാണെന്നും മാർട്ടിൻ പറഞ്ഞു. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേത് ആണെന്നും, എന്നാൽ താൻ Gavin- ന് ശക്തമായ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മന്ത്രി ജാക്ക് ചേമ്പേഴ്സ് അടക്കമുള്ളവർ Jim Gavin-ന് പിന്തുണയറിയിച്ചിരുന്നു.

അതേസമയം ഇടതുപക്ഷത്തിന്റെ Catherine Connolly മാത്രമാണ് നിലവിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വത്തിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടുള്ള ആൾ. 20 പാർലമെന്റ് അംഗങ്ങളുടെയോ, നാലു ലോക്കൽ അതോറിറ്റികളുടെയോ പിന്തുണയാണ് പ്രസിഡന്റ്‌ സ്ഥാനാർഥിത്വം ലഭിക്കാൻ വേണ്ടത്.

Labour, Social Democrats, People Before Profit-Solidarity, സ്വതന്ത്രർ എന്നിവരുടെ പിന്തുണയാണ് Connolly-ക്ക് ഉള്ളത്. പ്രധാന പ്രതിപക്ഷമായ Sinn Fein, സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമോ, അതോ Connolly- ക്ക് പിന്തുണ പ്രഖ്യാപിക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മറ്റൊരു ഭരണക്ഷിയായ Fine Gael- ന്റെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി Heather Humphreys, Sean Kelly എന്നിവരുടെ പേരുകളാണ് പരിഗണയിൽ.

രാജ്യത്ത് ഒക്ടോബർ അവസാനത്തോടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്രസിഡന്റ്‌ ആയ മൈക്കൽ ഡി. ഹിഗ്ഗിൻസ് നവംബർ 11-നാണ് സ്ഥാനമൊഴിയുന്നത്.

Share this news

Leave a Reply