ഡബ്ലിനില്‍ ലുവാസ് റെഡ് ലൈന്‍ കടന്നുപോകുന്ന Georges Dock പാലത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന്, പാലം ഗതാഗതത്തിന് സുരക്ഷിതമല്ലെന്നും, പൊളിച്ചുമാറ്റി, പുതിയ പാലം നിര്‍മ്മിക്കണമെന്നും അധികൃതര്‍. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ പുതിയ പാലത്തിന്റെ ജോലികള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതുവരെ Connolly – The Point വഴിയുള്ള ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും ലുവാസ് നടത്തിപ്പുകാരായ Transdev അറിയിച്ചു. ഓഗസ്റ്റ് 18-നാണ് പാലത്തില്‍ തീപിടിത്തമുണ്ടായത്. അന്നുമുതല്‍ ഈ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ലുവാസ് സര്‍വീസ് നിര്‍ത്തിയത് കാരണം ബാധിക്കപ്പെടുന്ന സ്ഥലങ്ങളിലേയ്ക്ക് 10 മിനിറ്റ് ഇടവേളകളില്‍ പുതിയ ബസ് സര്‍വീസ് അധികൃതര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇന്ന് (സെപ്റ്റംബര്‍ 1) മുതല്‍ ഇത് ഓടിത്തുടങ്ങും. ലുവാസ് ടിക്കറ് അല്ലെങ്കില്‍ TFI Leap Carsd ഉപയോഗിച്ച് ഇവയില്‍ യാത്ര ചെയ്യാം. താഴെ പറയുന്ന സ്റ്റോപ്പുകളില്‍ നിന്നാണ് ബസ് പുറപ്പെടുക:
George’s Dock Luas Stop – beside Hilton Garden Inn
Mayor Square – NCI Luas Stop – beside The Convention Centre
Spencer Dock Luas Stop – beside The Mayson Hotel
The Point Luas Stop – beside The Point / 3Arena
പാലത്തിലെ പണികള്‍ക്കായി മുകളിലൂടെ കടന്നുപോകുന്ന പവര്‍ കേബിളുകളടക്കം മാറ്റേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 2, 3 തീയതികളില്‍ വൈകിട്ട് 7 മണി മുതല്‍ വിവിധ ലുവാസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടതായി വരുമെന്നും അധികൃതര്‍ പറഞ്ഞു. ഈ സമയം Saggart-ല്‍ നിന്നും Tallaght-യില്‍ നിന്നും Smithfield-ലേക്കുള്ള റൂട്ടില്‍ മാത്രമേ ലുവാസ് സര്‍വീസ് നടത്തുകയുള്ളൂ. മുടങ്ങുന്ന സര്‍വീസുകളുടെ ടിക്കറ്റുകളുപയോഗിച്ച് ഡബ്ലിന്‍ ബസില്‍ യാത്ര ചെയ്യാവുന്നതാണ്.