കുട്ടിയെ കൊന്ന് മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ടു എന്ന സംശയത്തെ തുടര്‍ന്ന് നോര്‍ത്ത് കൗണ്ടി ഡബ്ലിനിലെ ഒരു വീട്ടില്‍ പരിശോധനയാരംഭിച്ച് ഗാര്‍ഡ. കഴിഞ്ഞ വാരാന്ത്യത്തിലാണ് ഒരു സ്ത്രീ, തന്റെ മുന്‍ പങ്കാളി കുട്ടിയെ കൊന്നതായി ഗാര്‍ഡയോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട് സീല്‍ ചെയ്ത ഗാര്‍ഡ, മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. ജീവിച്ചിരുന്നിരുന്നെങ്കില്‍ കുട്ടിക്ക് ഇപ്പോള്‍ എട്ട് വയസായേനെ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ Kyran Durnin എന്ന കുട്ടിയുടെ മൃതദേഹമാണോ ഇതെന്നും ഗാര്‍ഡ പരിശോധിക്കുന്നുണ്ട്. കൗണ്ടി ലൂവിലെ ഡ്രോഗഡയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നാണ് Kyran Durnin കാണാതായി എന്ന് ഗാര്‍ഡയ്ക്ക് പരാതി ലഭിക്കുന്നത്. എന്നാല്‍ കുട്ടി കൊല്ലപ്പെട്ടിരിക്കാം എന്ന തരത്തില്‍ ഒക്ടോബറോടെ ഗാര്‍ഡ കേസ് അന്വേഷണം വഴി മാറ്റിയിരുന്നു. മാത്രമല്ല, കുട്ടിയെ കാണാതായത് ഒരു വര്‍ഷം മുമ്പാണെന്ന് പറയുന്നുണ്ടെങ്കിലും, അവസാനമായി കുട്ടിയെ പുറത്ത് കണ്ടതിന് തെളിവുള്ളത് 2022 മദ്ധ്യത്തിലാണ്. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ Kyran Durnin-ന് ഇപ്പോള്‍ ഒമ്പത് വയസുണ്ടാകുമായിരുന്നു.
കേസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീ, നേരത്തെ ചൈല്‍ഡ് ബെനഫിറ്റിനായി അപേക്ഷിക്കുകയും, എന്നാല്‍ കുട്ടിയുടെ സ്‌കൂള്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പോലുള്ള രേഖകളൊന്നും നല്‍കാന്‍ ഇവര്‍ക്ക് സാധിക്കാതെ വരികയും ചെയ്തതോടെയാണ് Department of Social Protection-ന് സംശയം തോന്നുകയും, പിന്നീട് Child and Family Agency ആയ Tusla വിഷയത്തില്‍ ഇടപെട്ട് കേസ് ഗാര്‍ഡയ്ക്ക് മുന്നിലെത്തുകയും ചെയ്തത്. ഈ സ്ത്രീ ആഫ്രിക്കക്കാരിയാണെന്നാണ് വിവരം.
അതേസമയം Kyran Durnin-ന്റെ കേസുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും മുമ്പ് അറസ്റ്റിലായിരുന്നു. കുറ്റമൊന്നും ചുമത്താതെ വിട്ടയച്ച പുരുഷനായ Anthony Maguire (36) ദിവസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
നിലവില്‍ മറ്റ് കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും, അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.