അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 1.8%; ഭക്ഷ്യവസ്തുക്കൾക്ക് 5% വില കൂടി

അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വിലക്കയറ്റം 1.8% ആണെന്ന് ഏറ്റവും പുതിയ EU Harmonised Index of Consumer Prices (HICP) റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭക്ഷ്യവസ്തുക്കളുടെ വില 5% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലെ പണപ്പെരുപ്പം താരതമ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് HICP. ഇത് അടിസ്ഥാനമാക്കി അയര്‍ലണ്ടിലെ Central Statistics Office (CSO) ആണ് രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ പൊതുവായ പണപ്പെരുപ്പം 0.2% വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭക്ഷ്യവസ്തുക്കളുടെ മാത്രം കാര്യമെടുത്താല്‍ വില വര്‍ദ്ധന 0.4% ആണ്.

അതേസമയം ഊര്‍ജ്ജവില ഒരു മാസത്തിനിടെ 0.3 ശതമാനവും, ഒരു വര്‍ഷത്തിനിടെ 0.1 ശതമാനവും കുറഞ്ഞിട്ടുണ്ട്. ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ ഗതാഗതച്ചെലവ് 0.5 ശതമാനവും, 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.4 ശതമാനവും കുറഞ്ഞു.

2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2025 ഓഗസ്റ്റില്‍, ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴികെയുള്ള സാധനങ്ങള്‍ക്കും, സേവങ്ങള്‍ക്കും രാജ്യത്ത് 1.9% ആണ് വില വര്‍ദ്ധിച്ചത്.

അയര്‍ലണ്ടില്‍ നിലവിലെ പണപ്പെരുപ്പം 2% ആണെന്നും, മറ്റ് മിക്ക യൂറോസോണ്‍ രാജ്യങ്ങളെക്കാളും നേരിയ തോതില്‍ അധികമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply