യുകെയിലെ വെയില്‍സില്‍ മലയാളിയായ യുവാവിനെ നായ്ക്കള്‍ ആക്രമിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം റെക്‌സ്ഹാമിലെ സ്വന്തം വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന കോട്ടയം സ്വദേശിയായ യുവാവിനെയാണ് തുടല്‍ കെട്ടിയിട്ടില്ലായിരുന്ന ബുള്‍ ഡോഗ് ഇനത്തില്‍ പെട്ട രണ്ട് വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. നായ്ക്കളുടെ ഉടമസ്ഥയായ സ്ത്രീ അവയെയും കൊണ്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.
വഴിയില്‍ കൂടെ പോയ ഒരു സൈക്കിള്‍ യാത്രികനെ ആക്രമിച്ച ശേഷമാണ് നായ്ക്കള്‍ യുവാവിന് നേരെ തിരിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്ന് യുവാവ് തന്റെ വീട്ടിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും കടിയേല്‍ക്കാതെ രക്ഷപ്പെടാനുമായി.
യുവാവിന്റെ നെഞ്ച്, വയറ്, കൈകാലുകള്‍, തലയുടെ ഇടതുഭാഗം എന്നിവിടങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസും, ആംബുലന്‍സ് സര്‍വീസും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തില്‍ നായ്ക്കളുടെ ഉടമയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നായ്ക്കള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.