ഡബ്ലിനിൽ കുട്ടിയെ കാണാതായ സംഭവം: തിരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല, രാജ്യത്തെ ശിശുസംരക്ഷണ സംവിധാനം പരാജയമോ?

നോര്‍ത്ത് ഡബ്ലിനിലെ Donabate-ല്‍ കാണാതായി ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഗാര്‍ഡ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ കാര്യത്തില്‍ ആശങ്ക തോന്നിയ Child and Family Agency (Tusla) കേസ് ഗാര്‍ഡയ്ക്ക് കൈമാറിയത്. The Gallery Apartments-ലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്.

അതേസമയം കുട്ടി മരിച്ചിരിക്കാമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നതെന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്നും കെല്ലി അഭ്യര്‍ത്ഥിച്ചു:
Swords Garda Station – 01 666 4700
Garda Confidential Line – 1800 666 111

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസായിരുന്നേനെ. എന്നാല്‍ കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നും ഗാര്‍ഡ വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിച്ച തിരച്ചില്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അയര്‍ലണ്ടിലെ ശിശുസുരക്ഷാ സംവിധാനം അപര്യാപ്തമോ?

അതേസമയം രാജ്യത്തെ ശിശുസുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മയുണ്ടെന്ന ആശങ്ക ഈ കേസോടെ ശക്തമാകുകയാണ്. ഒരു വര്‍ഷം മുമ്പ് കാണാതായ Kyran Durnin എന്ന കുട്ടിയെ പറ്റി അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കേസ് ഉണ്ടായിരിക്കുന്നത്. 2024 ഓഗസ്റ്റിലാണ് Kyran-നെ കാണാതായതായി പരാതി ലഭിക്കുന്നത്. എന്നാല്‍ 2022 മെയ് മാസത്തിലാണ് കുട്ടിയെ ആരെങ്കിലും അവസാനമായി കണ്ടതിന് തെളിവ് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണമാരംഭിച്ച ഗാര്‍ഡ, കൊലപാതകം എന്ന നിലയില്‍ അന്വേഷണം തുടരുകയാണ്. 2022-ല്‍ ആറ് വയസുണ്ടായിരുന്ന Kyran, ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ ഒമ്പത് വയസ് തികഞ്ഞേനെ. Dundalk-ലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു കുട്ടി.

Kyran Durnin

അതേസമയം ഈ കേസും, പുതിയ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ കേസിലെ കുട്ടി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ ഏഴ് വയസായിരുന്നേനെ. ഈ കുട്ടിയെ കാണാതാകുന്നത് കോവിഡ് ലോക്ക്ഡൗണിന് ശേഷവുമാണ്. ലോക്ക്ഡൗണ്‍ അല്ലാത്ത സമയത്ത് പോലും ഒരു തെളിവുമില്ലാതെ കുട്ടി അപ്രത്യക്ഷനായി എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ഈ കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നോ എന്നതും, കുട്ടിക്ക് സോഷ്യല്‍ വര്‍ക്കറെ ഏര്‍പ്പാടാക്കിയിരുന്നോ എന്നതും പ്രധാനപ്പെട്ട ചോദ്യങ്ങളാണെന്ന് അയര്‍ലണ്ടിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടിയറായ Caoilfhionn Gallagher പറഞ്ഞു. ഗാര്‍ഡയ്ക്ക് കുട്ടിയുടെ കാര്യത്തില്‍ ആശങ്കയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു. നിലവിലെ വിവരങ്ങള്‍ വച്ച് ഈ കുട്ടിയെ പറ്റി അധികൃതര്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kyran Durnin-നെ പോലെ തന്നെ സമാനമായ മറ്റൊരു കേസാണ് ഇതെന്നും Gallagher പറയുന്നു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുവശത്ത് Tusla-യ്ക്ക് മുമ്പില്‍ വന്ന എല്ലാ കേസുകളും പുനഃപരിശോധിക്കുമെന്ന് ശിശുവകുപ്പ് മന്ത്രി നോര്‍മ ഫോളി പറഞ്ഞു. നേരത്തെ ക്ലോസ് ചെയ്യപ്പെട്ട കേസുകളും പരിശോധിക്കും.

Share this news

Leave a Reply