യൂറോപ്പിലെ യുവാക്കളിൽ പ്രധാന മരണ കാരണം ആത്മഹത്യ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യൂറോപ്പിലെ ചെറുപ്പക്കാരുടെ പ്രധാന മരണകാരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോഫൗണ്ട് (Eurofound) നടത്തിയ പഠനത്തിലാണ് കോവിഡ്-19-ന് മുമ്പ് യൂറോപ്പില്‍ ആത്മഹത്യകള്‍ കുറഞ്ഞിരുന്നുവെങ്കിലും, ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിയുന്നത്.

ജോലിയുടെ സ്വഭാവം ഡിജിറ്റല്‍ രൂപത്തിലേയ്ക്ക് മാറിയത്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതസാഹചര്യത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം യൂറോപ്പിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. ആരോഗ്യമേഖല, സോഷ്യല്‍ സര്‍വീസ് എന്നീ ജോലികളില്‍ ഏര്‍പ്പെടുന്നവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹികമായും, സാമ്പത്തികമായും താഴ്ന്ന നിലയില്‍ ജീവിക്കുന്നവര്‍ എന്നിവരും യൂറോപ്പില്‍ കൂടുതലായി മാനിസപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അയര്‍ലണ്ടിലെ സ്ഥിതി

2021-ലെ കണക്കുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും അയര്‍ലണ്ടിലെ 15-29 പ്രായക്കാരായ യുവാക്കളില്‍ 18.9 ശതമാനം മരണങ്ങളും ആത്മഹത്യയാണ്. രണ്ടാമത് വരുന്ന റോഡപകട മരണങ്ങള്‍ 16.5 ശതമാനമാണ്.

ആത്മഹത്യാ പ്രവണത പുരുഷന്മാരില്‍ സ്ത്രീകളെക്കാള്‍ മൂന്നിരട്ടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം മാനസികപ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നതും, അതിന് ചികിത്സ തേടുന്നതും സ്ത്രീകളാണ്.

20 വയസിന് താഴെയുള്ള പെണ്‍കുട്ടികളിലും, 85 വയസിന് മുകളിലുള്ള പുരുഷന്മാരിലും ആത്മഹത്യ വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ജനങ്ങളില്‍ 32% പേര്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണവും, 26% പേര്‍ ഭവനപ്രതിസന്ധി കാരണവും മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായാണ് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയായവരില്‍ 57% പേര്‍ സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് വിഷാദത്തിലേയ്ക്ക് എത്തുന്നത്. അതില്‍ തന്നെ ജോലി ഇല്ലാത്തവര്‍ കൂടുതലായി വിഷാദത്തിലേയ്ക്ക് ചെന്നെത്തുന്നു.

സോഷ്യല്‍ മീഡിയ ആണ് രാജ്യത്തെ ജനങ്ങളില്‍ മാനസികസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന മറ്റൊരു പ്രധാന ഘടകം. പ്രായപൂര്‍ത്തിയായ 44% പേരും സോഷ്യല്‍ മീഡിയ തങ്ങളുടെ ഉത്കണ്ഠ, വിഷാദം എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി പറയുന്നു. യുവാക്കളായ പെണ്‍കുട്ടികളില്‍ 25% പേരെയും സോഷ്യല്‍ മീഡിയ മോശമായി ബാധിക്കുന്നുണ്ട്.

മാനസികാരോഗ്യം എങ്ങനെ നേടും?

അയര്‍ലണ്ടില്‍ ഇപ്പോഴും മാനസികാരോഗ്യ ചികിത്സ തേടുന്നതില്‍ വലിയ തടസങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2023-ല്‍ 40% പേരാണ് മറ്റുള്ളവര്‍ എന്ത് കരുതും എന്ന ഭയത്താല്‍ രാജ്യത്ത് മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാതിരുന്നത്. മൂന്നില്‍ ഒന്ന് പേര്‍ക്കാകട്ടെ ചികിത്സ ലഭിക്കുന്നതിന് എവിടെ പോകണം എന്ന് ധാരണയും ഇല്ലായിരുന്നു. കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരുടെ മാനസികാരോഗ്യ ചികിത്സയില്‍, കാത്തിരിപ്പ് സമയം വര്‍ദ്ധിച്ചതും വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. നഗരങ്ങളില്‍ നിന്നും അകന്ന് താമസിക്കുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

ജോലി, പഠനം, ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ എന്നിവ കാരണം ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദമോ, സംഘര്‍ഷമോ, പ്രശ്‌നമോ അനുഭവിക്കുന്നുണ്ടെങ്കില്‍ സൗജന്യമായി കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ അയര്‍ലണ്ടില്‍ ലഭ്യമാണ്. അവയെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ താഴെ:

  •  DRCC – 1800 77 8888 (fre, 24-hour helpline)
  •  Samaritans – 116 123 or email jo@samaritans.org (suicide, crisis support)
  •  Pieta – 1800 247 247 or text HELP to 51444 – (suicide, self-harm)
  •  Teenline – 1800 833 634 (for ages 13 to 19)
  •  Childline – 1800 66 66 66 (for under 18s)
Share this news

Leave a Reply