അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയ്ക്ക് ടേസറുകള്‍ (taser) നല്‍കാന്‍ ആലോചിക്കുന്നതായി പുതിയ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി. ഗാര്‍ഡയുടെ സാന്നിദ്ധ്യം എല്ലായിടത്തും ഉറപ്പാക്കുന്നതിന് പരിഗണന നല്‍കുമെന്നും ആദ്യ പത്രസമ്മേളനത്തില്‍ കെല്ലി പറഞ്ഞു. ഡ്രൂ ഹാരിസ് പദവി ഒഴിഞ്ഞതോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ കമ്മീഷണറായി ജസ്റ്റിന്‍ കെല്ലി സ്ഥാനമേറ്റത്.
ഗാര്‍ഡ കമ്മീഷണര്‍ സ്ഥാനത്ത് എത്താന്‍ സാധിച്ചത് വലിയ അഭിമാനമായി കരുതുന്നുവെന്ന് പറഞ്ഞ കെല്ലി, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കി. ഗാര്‍ഹികപീഢനങ്ങള്‍ അനുഭവിക്കുന്നവരെ പ്രത്യേകമായി പരിഗണിക്കും.
രാജ്യത്ത് സാമൂഹികവിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, എല്ലായിടത്തും ഗാര്‍ഡ സാന്നിദ്ധ്യം ഉണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും കെല്ലി പറഞ്ഞു. പൊതുവെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യമാണ് അയര്‍ലണ്ട് എങ്കിലും, ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരങ്ങളിലും മറ്റും സുരക്ഷിതമായി ഇറങ്ങി നടക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.
ശരീരത്തില്‍ ധരിക്കുന്ന ക്യാമറകള്‍ എല്ലാ ഗാര്‍ഡകള്‍ക്കും നല്‍കാന്‍ ആലോചന നടത്തിവരികയാണെന്നും, പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഗാര്‍ഡകള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചെറിയ ഷോക്ക് ഏല്‍പ്പിക്കാന്‍ കഴിയുന്ന ടേസര്‍ എന്ന ഉപകരണങ്ങള്‍ നല്‍കുന്നത് പരിഗണനയിലുണ്ടെന്നും കെല്ലി പറഞ്ഞു. ഗാര്‍ഡകള്‍ക്ക് ഡ്യൂട്ടിക്കിടെ പരിക്കേല്‍ക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്.
ദേശീയസുരക്ഷ എന്നത് ഗാര്‍ഡയുടെ മുഖ്യപരിഗണനയായിരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.